ത്വാഇഫ്: ത്വാഇഫ് വിമാനത്താവളത്തിലെ ‘എക്സിക്യൂട്ടിവ്’ ലോഞ്ച് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ്, ഗവർണറേറ്റിലെ നിരവധി സിവിലിയൻ, സൈനിക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ഹാളിലെ സൗകര്യങ്ങൾ ഗവർണർ കണ്ടു.അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചുള്ള ആധുനിക രൂപകൽപനയാൽ വേറിട്ടതാണ് പുതിയ എക്സിക്യൂട്ടിവ് ലോഞ്ച് എന്ന് ഗവർണർ പറഞ്ഞു.
ഇത് രാജ്യത്തെ സമഗ്രവികസന നവോത്ഥാനത്തെ അനുകരിക്കുന്നു. വിമാനത്താവളം, അകത്തെ ഹാളുകൾ, നിർമാണ ജോലികൾ, യാത്രക്കാർക്ക് സേവനം നൽകുന്നതിൽ ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന ശ്രമങ്ങൾ എന്നിവ ഗവർണർ പരിശോധിച്ചു. വിമാനത്താവളങ്ങളിലെ എക്സിക്യൂട്ടിവ് ലോഞ്ചുകൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ത്വാഇഫ് വിമാനത്താവളത്തിലെ പുതിയ ലോഞ്ചിന്റെ ഉദ്ഘാടനമെന്ന് ‘തൻഫീദി’ കമ്പനി സി.ഇ.ഒ ജൽബൻ ജൽബാൻ പറഞ്ഞു.
പദ്ധതി പൂർത്തിയാക്കാൻ 90 ദിവസമെടുത്തു. ഒരു വർഷത്തിനുള്ളിൽ എട്ട് ലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. വി.ഐ.പി അതിഥികളുടെ ആവശ്യകതകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ഏറ്റവും പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും ഒരുക്കി ആധുനിക എൻജിനീയറിങ് ഡിസൈനുകൾ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്. വരാനിരിക്കുന്ന നിരവധി വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ ഹാൾ എന്നും സി.ഇ.ഒ സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു