തൃശൂർ∙ നിരവധി ഉന്നത സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തൃശൂരിൽ ‘സ്ത്രിശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
‘‘കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു.
കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരഥിയമ്മ തുടങ്ങി നിരവധിപ്പേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ, അവർ അദ്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ നേടി. പി.ടി. ഉഷയെപ്പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം.
ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണ്. ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നൽകുന്നത് തീരുമാനമെടുക്കാതെ വച്ചു. എന്നാൽ ഈ സർക്കാർ അതിൽ തീരുമാനമെടുത്തു.
നാരീശക്തി നിയമമാക്കി. മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകൾ ബുദ്ധിമുട്ടി. അതിൽനിന്ന് അവരെ മോചിപ്പിക്കാൻ ബിജെപി സർക്കാരിനായി. ഈ നാട്ടിലെ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരുെട പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യം വയ്ക്കുന്നത്’’ – മോദി പറഞ്ഞു