റിയാദ്: പുതുവത്സരത്തലേന്ന് ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴാണ് റസ്റ്റാറന്റിന്റെ ഒരു മൂലയിൽ കരച്ചിലമർത്താൻ പാടുപെട്ട് നിൽക്കുന്ന ആ മനുഷ്യനെ നബീൽ കാണുന്നത്. അടുത്തുചെന്ന് കാര്യമന്വേഷിച്ചു. തേങ്ങൽ മുറിക്കുന്ന വാക്കുകളിൽ പറഞ്ഞതുകേട്ട് ഹൃദയം നുറുങ്ങിപ്പോയി. ‘എനിക്ക് നാട്ടിൽ പോകണം, മകളുടെ ഭർത്താവ് മരിച്ചു. പക്ഷേ പാസ്പോർട്ടിന് കാലാവധി തികച്ചില്ല. യാത്ര ചെയ്യാനാവില്ലെന്ന് ആളുകൾ പറയുന്നു.’ സാമൂഹിക പ്രവർത്തകൻ കൂടിയായ നബീൽ പാസ്പോർട്ട് വാങ്ങി നോക്കി. കാലാവധി കഴിയാൻ 14 ദിവസം കൂടിയേയുള്ളൂ. കുറഞ്ഞത് ആറുമാസമെങ്കിലുമില്ലാതെ യാത്ര ചെയ്യാനാവില്ല. എന്തു ചെയ്യണമെന്നറിയില്ലെന്ന് അയാൾ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. യൂസുഫ് എന്നാണ് പേര്. പട്ടാമ്പിയാണ് സ്വദേശം. റസ്റ്റാറൻറിൽ വെയിറ്ററായി അടുത്തിടെ ജോലിക്ക് ചേർന്നതാണ്.
‘കുഴപ്പമില്ല, നിങ്ങൾ എന്നോടൊപ്പം വരൂ, ഇപ്പോൾ തന്നെ പോയി ‘തൽക്കാൽ’ സംവിധാനത്തിൽ പാസ്പോർട്ട് പുതുക്കാം’ എന്ന് നബീൽ അയാളെ സമാധാനിപ്പിച്ചു. ആശ്വാസത്തോടെ കണ്ണുകൾ തുടച്ച അയാൾ മറ്റൊരു കാര്യം കൂടി പറഞ്ഞു: ‘വിവരങ്ങളറിയാൻ നാട്ടിലേക്ക് വിളിച്ചിട്ട് മകനെ കിട്ടുന്നില്ല. അവന്റെ ഫോണിലാണ് സാധാരണ വിളിക്കാറ്.’ നബീൽ ആ നമ്പർ വാങ്ങി വിളിച്ചുനോക്കി. രണ്ട് മൂന്നു തവണ വിളിച്ച ശേഷമാണ് അപ്പുറത്ത് ഫോണെടുത്തത്. എടുത്തയാൾ ഞെട്ടിക്കുന്ന ഒരു വിവരം കൂടി പറഞ്ഞു. മകൻ ഇന്നലെ രാത്രി മരിച്ചു. മരുമകൻ പകലും മകൻ രാത്രിയിലും. മകൻ മരിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല. അത് അറിയിക്കാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് ഫോൺ എടുക്കാതിരുന്നത്. മകന്റെ മരണം തൽക്കാലം അറിയിക്കേണ്ട, എങ്ങനെയെങ്കിലും ഇങ്ങോട്ട് കയറ്റിവിട്ടാൽ മതി, ഫോണെടുത്ത ബന്ധുക്കളിൽ ആരോ പറഞ്ഞു.
നബീൽ അയാളെയും കൂട്ടി റിയാദിലെ പാസ്പോർട്ട് സേവാകേന്ദ്രമായ പുറംകരാർ ഏജൻസിയിൽ ചെന്നു. സമയം കഴിഞ്ഞതിനാൽ അപേക്ഷ സ്വീകരിച്ചില്ല. അകത്തേക്ക് കടത്തിവിടാൻ കൂട്ടാക്കാതിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് കെഞ്ചിപ്പറഞ്ഞുനോക്കി. രക്ഷയില്ലെന്ന് കണ്ടപ്പോൾ മകൻ മരിച്ച വിവരം കൂടി പറഞ്ഞു. അതുകൂടി കേട്ടതോടെ യൂസുഫ് ഹൃദയം തകർന്നിരുന്നുപോയി. എന്നാൽ ഉദ്യോഗസ്ഥന്റെ മനസ്സലിഞ്ഞില്ല. ഉടൻ ഇന്ത്യൻ എംബസിയിലേക്ക് പോയി. പാസ്പോർട്ട് അപേക്ഷ നേരിട്ട് എംബസിയിൽ സ്വീകരിക്കാൻ സംവിധാനമില്ലെന്നും ഏജൻസിയിൽ തന്നെ പോകണമെന്നും പറഞ്ഞ് അവിടെനിന്നും മടക്കി. പക്ഷേ രണ്ടാമതും ഏജൻസിയിൽനിന്ന് നിരാശയായിരുന്നു ഫലം. ഇതിനിടെ നബീൽ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി എംബസിയിലെ പാസ്പോർട്ട് അറ്റാഷെ അർജുൻ സിങ്ങിന്റെ ഇടപെടലിൽ ഒരു മണിക്കൂർ കൊണ്ട് പാസ്പോർട്ട് പുതുക്കി.
പാസ്പോർട്ട് ഫീസ് അടച്ചുകഴിഞ്ഞപ്പോൾ യൂസുഫിന്റെ കൈയിലുണ്ടായിരുന്ന പണം തീർന്നു. വിമാന ടിക്കറ്റെടുക്കാൻ പണമില്ല. ഉടൻ ജംഷീർ വയനാട്, നാസർ കാസർകോട്, ജംഷീർ കോഴിക്കോട് എന്നീ സുഹൃത്തുക്കളുമായി ചേർന്ന് നബീൽ പണം സമാഹരിച്ച് ടിക്കറ്റെടുത്ത്, അന്നു രാത്രി (ഡിസം. 31) കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറ്റിവിട്ടു. ബാക്കി വന്ന 1000 റിയാൽ യൂസുഫിനെ തന്നെ ഏൽപിക്കുകയും ചെയ്തു.
മരുമകന്റെ മൃതദേഹം ഖബറടക്കിയെങ്കിലും ഇദ്ദേഹം ചെല്ലുന്നതറിഞ്ഞ് മകന്റെ ഖബറടക്കം ബന്ധുക്കൾ വൈകിപ്പിച്ചിരുന്നു. അങ്ങനെ മകന്റെ അരുമ മുഖമെങ്കിലും അവസാനമായി ഒരു നോക്ക് കാണാനായി. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ് യൂസുഫ്. ഒരു മകനും മകളുമാണുണ്ടായിരുന്നത്. മകനും മകളുടെ ഭർത്താവും മരിച്ചു. ഡിസംബർ 30ന് രാവിലെയായിരുന്നു മരുമകന്റെ മരണം. രക്തസമ്മർദം ഉയർന്നായിരുന്നു അന്ത്യം. അന്ന് രാത്രി 14 വയസ്സുകാരനായ മകൻ ഹൃദയാഘാതം മൂലവും മരിച്ചു. ആ പാവം പ്രവാസിയുടെ മുഖം മനസ്സിൽനിന്ന് മായുന്നില്ലെന്ന് നബീൽ പറയുന്നു. സൗദി പ്രവാസി കുടുംബ കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡൻറാണ് നബീൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു