യാംബു: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് സൗദി അറേബ്യയുടെ സഹായം തുടരുന്നു. ഫലസ്തീൻ ജനതയെ സഹായിക്കാൻ രാജ്യം ആരംഭിച്ച ജനകീയ കാമ്പയിന് വലിയ പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. ദേശീയ ധനസമാഹരണ കാമ്പയിൻ വഴി ഇതുവരെ 600 ശതകോടി റിയാലിലധികം സമാഹരിച്ചതായി അധികൃതർ അറിയിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെത്തുടർന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിന് കീഴിൽ (കെ.എസ്. റിലീഫ്) കഴിഞ്ഞ നവംബർ രണ്ടിനാണ് കാമ്പയിന് തുടക്കം കുറിച്ചത്. കെ.എസ് റിലീഫ് സെൻററിന്റെ ‘സാഹിം’ പോർട്ടലിലാണ് സംഭാവന സ്വീകരിക്കുന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്നു കോടി റിയാൽ നൽകിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച വരെ 13,58,369 ആളുകളിൽനിന്ന് 60,17,35,128 റിയാൽ സംഭാവന ലഭിച്ചു. ഗസ്സയിലെ ദുരിതബാധിതർക്കുള്ള സൗദിയുടെ 34ാമത് ദുരിതാശ്വാസ വിമാനം കഴിഞ്ഞ ദിവസം ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 24 ടൺ ഭക്ഷണസാധനങ്ങൾ, മെഡിക്കൽ സാമഗ്രികൾ, താൽകാലിക പാർപ്പിട നിർമാണവസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന സഹായങ്ങൾ ഗസ്സയിലെത്തിക്കാൻ കെ.എസ്. റിലീഫ് നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
16 സൗദി ദുരിതാശ്വാസ ട്രക്കുകൾ വെള്ളിയാഴ്ച റഫ അതിർത്തി കടന്നു. ഇതുവരെ റഫ അതിർത്തി കടന്ന സൗദി ദുരിതാശ്വാസ ട്രക്കുകളുടെ എണ്ണം അതോടെ 172 ആയി. ഫലസ്തീൻ ജനതയുടെ പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുകയെന്ന സൗദിയുടെ പാരമ്പര്യവും പ്രഖ്യാപിത നയത്തിന്റെയും ഭാഗമായാണ് കാരുണ്യത്തിന്റെ സഹായം തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം വർധിച്ച തോതിൽ ഇനിയും അനിവാര്യമാണ്. ‘സാഹിം’ (https://sahem.ksrelief.org/Gaza) എന്ന പോർട്ടൽ വഴിയും അൽറാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ വഴിയും എല്ലാവർക്കും എളുപ്പത്തിൽ ഇപ്പോഴും സംഭാവന അയക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു