മുംബൈ: സിനിമ രംഗത്ത് മാറുന്ന ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഗലാട്ട പ്ലസ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്.
നിര്‍മ്മാതാക്കളും, സംവിധായകരും ആദ്യ ദിനം തന്നെ തന്റെ അടുപ്പക്കാരെ വച്ച് സിനിമയെ പുകഴ്ത്തി പിആര്‍ നല്‍കാറുണ്ടെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്. ഇത് ചിത്രം ഹിറ്റാണ് എന്ന പ്രതീതി സൃഷ്ടിക്കും എന്ന് സംവിധായകന് പറഞ്ഞു.
സിനിമാ പ്രദർശനത്തിന് ശേഷം ക്യാമറകൾക്ക് മുന്നിൽ തങ്ങളുടെ അഭിപ്രായം പറയുന്നവര്‍ വൈറലാകാണം എന്ന ഉദ്ദേശത്തില്‍ എന്ത് കടന്ന പ്രതികരണവും നടത്തും. അതുപോലെ തന്നെ സിനിമാക്കാര് സിനിമയെ പുകഴ്ത്തി പറയാന്‍ സ്വന്തം പിആർ ടീമിനെ അയക്കാറുണ്ടെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.
“എന്നാൽ ചിലപ്പോൾ, പിആർ എന്ന നിലയിൽ ഞങ്ങളും സിനിമയെ പ്രശംസിക്കാൻ സ്വന്തം ആളുകളെ അയയ്ക്കും,അതും സംഭവിച്ചിട്ടുണ്ട്” കരണ്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. “നിങ്ങള്‍ ഒന്ന് സ്വന്തം സിനിമയെ അടയാളപ്പെടുത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടാകും. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമ നല്ലതാണ് എന്ന എംപാക്ട് ഉണ്ടാക്കാന്‍ നല്ല വീഡിയോസ് നല്‍കേണ്ടി വരും. നിങ്ങളുടെ സിനിമയെക്കുറിച്ച് നല്ലത് പറയിക്കാന്‍ അവസാന ശ്രമവും നിങ്ങള്‍ ചെയ്യേണ്ടി വരും.
ഞാൻ വിമർശനങ്ങളെ എതിര്‍ത്തേക്കാം. സിനിമയെ പുകഴ്ത്തുന്നവരെ കൂടുതല്‍ ആശ്രമയിച്ചേക്കാം. എനിക്ക് ഈ കാര്യത്തില്‍ ഇരട്ട മുഖമുണ്ട്. പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അത് വളരെ നന്നായി ചെയ്യുന്നുണ്ട്. സിനിമകൾക്കനുസരിച്ച് ഞാൻ മാറുകയാണ്.
ചില സിനിമകൾ സ്വന്തം നിലയില്‍ പേരുണ്ടാക്കും. എന്നാല്‍ അവറേജായി ഓടുന്ന ചിത്രത്തിന് ഹിറ്റാണ് എന്ന പ്രതീതി ഉണ്ടാക്കിയെടുക്കണം.
ഒരു നിർമ്മാതാവിന്റെ ജോലി ആരംഭിക്കുന്നത് സിനിമ റിലീസ് ചെയ്യുമ്പോഴാണ്. സ്വന്തം സിനിമയെ ഒരു പോരാളിയെപ്പോലെ ഏറ്റെടുക്കണം. ഒരു ഇടത്തരം സിനിമയാണ് നിങ്ങള്‍ എടുത്തതെങ്കില്‍ നിങ്ങൾ മൊത്തത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കണം” – കരണ്‍ ജോഹര്‍ പറയുന്നു.
കഴിഞ്ഞ വർഷം കരൺ ജോഹർ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രം കരണ്‍ ജോഹര്‍ സംവിധാനം ചെയ്തിരുന്നു. ആലിയ ഭട്ടും രൺവീർ സിങ്ങുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.