അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിനെ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കിയ മുതലാണ് റോയല്‍ എൻഫീല്‍ഡ് ഹിമാലയൻ. ബുള്ളറ്റിന് ശേഷം നിരത്തുകളെ പ്രകമ്പനം കൊള്ളിച്ച ഈ മോഡല്‍ രാജ്യത്തെ ബൈക്കിംഗ് സംസ്ക്കാരം തന്നെ പൊളിച്ചെഴുതിയെന്ന് പറഞ്ഞാലും തെറ്റില്ല. ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിനും ബസുമെല്ലാം പിടിച്ചുപോയവര്‍ പോലും ഹിമാലയൻ വാങ്ങി ഇതിലായി യാത്ര.
എന്തിന് നമ്മുടെ യുവത്വത്തെ കാടുമലയും കയറാന്‍ വരെ റോയല്‍ എൻഫീല്‍ഡ് ഹിമാലയനിലൂടെ പഠിപ്പിച്ചു. ആദ്യതലമുറ മോഡല്‍ ശരിക്കും വലിയ വിജയം നേടിയപ്പോള്‍ ബൈക്കിന്റെ ഏറ്റവും പുതിയ പതിപ്പായ ഹിമാലയന്‍ 450 അടുത്തിടെ വിപണിയിലെത്തുകയും ചെയ്‌തു. മുന്‍ഗാമിക്കുണ്ടായിരുന്ന എല്ലാ പോരായ്മകളും നികത്തി പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിനുമെല്ലാമായിട്ടായിരുന്നു ഇവന്റെ വരവ്. പ്രധാന ഹൈലൈറ്റ് വണ്ടിയുടെ പെര്‍ഫോമൻസ് തന്നെയായിരുന്നു.
കാഴ്ച്ചയിലും മുൻമോഡലിനേക്കാള്‍ പ്രതാപം ഉണ്ടായിരുന്നതിനാല്‍ ആളുകള്‍ ബൈക്കിനെ എളുപ്പത്തില്‍ നെഞ്ചിലേറ്റി. പലരും പുതുവര്‍ഷത്തില്‍ ഒന്നുവാങ്ങിയേക്കാമെന്ന പ്ലാനുമിട്ടിട്ടുകാണും. പക്ഷേ പുതുവര്‍ഷത്തില്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്ന പതിവുണ്ട്. ഈ സാഹചര്യത്തില്‍ 2024 ജനുവരി 1 മുതല്‍ ഹിമാലയന്‍ 450-യുടെ വില ഉയര്‍ത്താന്‍ പോകുകയാണെന്ന് എൻഫീല്‍ഡ് 2023 ഡിസംബര്‍ അവസാന വാരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ഹിമാലയന്റ് വില പുതുക്കിക്കൊണ്ടുള്ള പുതിയ ലിസ്റ്റ് വന്നിരിക്കുകയാണിപ്പോള്‍. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ കാസ ബ്രൗണ്‍ കളര്‍ ഓപ്ഷന് 16,000 രൂപയുടെ വില വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. അതേസമയം സ്ലേറ്റ് ബ്ലൂ, റെഡ് എന്നിവയുടെ വില 15,000 രൂപയും വര്‍ധിച്ചു. ഹാൻലെ ബ്ലാക്ക്, കാമറ്റ് വൈറ്റ് എന്നിവയ്ക്ക് 14,000 രൂപയുടെ പരിഷ്ക്കാരമാണ് റോയല്‍ എൻഫീല്‍ഡ് നടപ്പിലാക്കിയിരിക്കുന്നത്.
അങ്ങനെ പുത്തൻ ഹിമാലയൻ കാസ ബ്രൗണിന് 2.85 ലക്ഷം രൂപയും സ്ലേറ്റ് ബ്ലൂ, സാള്‍ട്ട് എന്നിവയ്ക്ക് 2.89 ലക്ഷം രൂപയും കാമറ്റ് വൈറ്റിന് 2.93 ലക്ഷം രൂപയും ഹാൻലെ ബ്ലാക്കിന് 2.98 ലക്ഷം രൂപയുമാണ് ഇന്ത്യയില്‍ ഇനി മുതല്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഷെര്‍പ 450 എന്ന് വിളിക്കപ്പെടുന്ന പുതിയ 451.65 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് അഡ്വഞ്ചര്‍ ടൂററിന് ഇപ്പോള്‍ തുടിപ്പേകുന്നത്.
ഈ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിൻ 8,000 rpm-ല്‍ 40 bhp കരുത്തും 5,500 rpm-ല്‍ 40Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് ഫീച്ചറുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇക്കോ, പെര്‍ഫോമൻസ് എന്നിങ്ങനെ മോട്ടോര്‍സൈക്കിളിന് വ്യത്യസ്‌ത മോഡുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. പുതിയ ഹിമാലയന് 55 mm നീളവും 12 mm വീതിയും ഉള്ളതാണ്.
എന്നാല്‍ അതിന്റെ മുൻഗാമിയേക്കാള്‍ 54 mm ഉയരം കുറവാണെന്നതും ശ്രദ്ധേയമാണ്.വീല്‍ബേസ് 1,510 മില്ലീമീറ്ററായും ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍, പുതിയ ഹിമാലയത്തിന്റെ റോഡ് പ്രെസൻസ് ഉയര്‍ന്നിട്ടുണ്ട്. മികച്ച ഭാര വിതരണത്തിനായി റോയല്‍ എൻഫീല്‍ഡ് ഫ്യുവല്‍ ടാങ്ക് താഴേക്ക് നീക്കുകയും എയര്‍ ബോക്സ് മുകളിലേക്ക് നീക്കുകയും ചെയ്തു. ഇത് മോട്ടോര്‍സൈക്കിളിന്റെ വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.
ക്രമീകരിക്കാവുന്ന സീറ്റ് ഉയരവും ഇത്തവണ ബൈക്കിലേക്ക് എത്തിയിട്ടുണ്ട്. സ്റ്റോക്ക് സീറ്റ് ഹൈറ്റ് 825 മില്ലീമീറ്ററാണെങ്കിലും ഇത് 845 മില്ലീമീറ്ററായി ഉയര്‍ത്താം. ആക്സസറിയായിലോവര്‍ സീറ്റ് ഹൈറ്റുള്ള ഒരു സീറ്റും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി മറ്റ് മെക്കാനിക്കല്‍ വിശേഷങ്ങളിലേക്ക് നോക്കിയാല്‍ പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഒരു തുറന്ന കാട്രിഡ്ജ് അപ്സൈഡ് ഡൌണ്‍ (USD) ഫ്രണ്ട് ഫോര്‍ക്ക് സസ്പെൻഡ് ചെയ്ത പുതിയ ട്വിൻ-സ്പാര്‍ ഫ്രെയിമിലാണ് വരുന്നത്.
അതേസമയം പിന്നില്‍ ഷോവയില്‍ നിന്നുള്ള പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്‌പെൻഷൻ യൂണിറ്റുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കസ്റ്റം ട്യൂബ് സിയറ്റ് ടയറുകളാല്‍ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് വയര്‍-സ്‌പോക്ക് റിമ്മുകളിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഇതില്‍ യഥാക്രമം മുൻവശത്ത് 90/90-21 സൈസും പിന്നില്‍ 140/80-R17 സൈസുമുള്ള ടയറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹിമാലയന്‍ 450 വരവറിയിച്ചിരിക്കുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് എല്‍ഇഡി ലൈറ്റിംഗാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സ്പീഡ്, ഡിസ്റ്റന്‍സ്, ഫ്യുവല്‍ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്‌പ്ലേയില്‍ ഇന്‍-ബില്‍റ്റായി വരുന്നുമുണ്ട്. അങ്ങനെ മൊത്തത്തില്‍ അടിപൊളിയാവാൻ ബൈക്കിനായിട്ടുണ്ട്.
കടപ്പാട് : ഡ്രൈവ് സ്പാർക്ക്