സ്കോട്ട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറോ നഗരത്തില്‍ നിന്നും യാത്രാ ചിത്രങ്ങള്‍ പങ്കുവച്ച് നടി രമ്യ നമ്പീശന്. പുരാതനമായ നഗരത്തിന്റെ മുക്കിലും മൂലയിലും നിന്നെടുത്ത വിഡിയോകളും കാണാം. ഓറഞ്ച് നിറമുള്ള ടോപ്പും കൂളിംഗ് ഗ്ലാസുമണിഞ്ഞ്, സ്റ്റൈലിഷായി നില്ക്കുന്ന നടിയെ ഇവയില്‍ കാണാം. എഡിന്‍ബറോയിലെ ഏറ്റവും പ്രശസ്തമായ തെരുവായ റോയല്‍ മൈലില്‍ നിന്നാണ്, രമ്യ ഈ ചിത്രങ്ങളും വിഡിയോകളും എടുത്തിട്ടുള്ളത്. ഇത് പടിഞ്ഞാറു ഭാഗത്തുള്ള എഡിന്‍ബറോ കൊട്ടാരത്തെ കിഴക്ക് ഭാഗത്തുള്ള ഹോളിറൂഡ്ഹൗസ് കൊട്ടാരവുമായി ബന്ധിപ്പിക്കുന്നു.
മധ്യകാല വാസ്തുവിദ്യയുടെ നേര്‍ക്കാഴ്ചയായ ഒട്ടേറെ കെട്ടിടങ്ങളും പാതകളും ഇവിടെ കാണാം.
ഏകദേശം 1.81 കിലോമീറ്റർ നീളമുള്ള റോയൽ മൈൽ ആറ് മേഖലകളായി തിരിച്ചിരിക്കുന്നു. ഓരോന്നും മറ്റൊന്നിൽ നിന്നു വളരെ വ്യത്യസ്തമാണ്. പ്രശസ്തമായ കാസിൽഹില്ലും കാസിൽ എസ്പ്ലനേഡും എഡിൻബറോ കാസിലിന് ഏറ്റവും അടുത്താണ് സ്ഥിതി ചെയ്യുന്നത്, റോയൽ മൈലിന്റെ ഏറ്റവും പഴയ ഭാഗമാണിത്. പതിനേഴാം നൂറ്റാണ്ടിലെ നൂല് വില്‍പ്പന കേന്ദ്രമായിരുന്ന ലോൺമാർക്കറ്റാണ് മറ്റൊരു ഭാഗം.
റോയൽ മൈലിൽ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന ഭാഗമാണ് കാനോംഗേറ്റ്. കാനോംഗേറ്റിനെ ഹോളിറൂഡ്ഹൗസ് കൊട്ടാരവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ആബി സ്ട്രാൻഡ്. ഇവിടെയാണ് പാര്‍ലമെന്റ് സ്ക്വയര്‍ സ്ഥിതിചെയ്യുന്നത്.
റോയല്‍ മൈലിന് ചുറ്റുമായി മ്യൂസിയം ഓഫ് ചൈൽഡ്ഹുഡ്, മേരി കിങ്സ് ക്ലോസ്, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട്ലൻഡ് എന്നിങ്ങനെയുള്ള ആകര്‍ഷണങ്ങളുമുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് എഡിന്‍ബറോ നഗരം. നവോത്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന നഗരത്തെ, ‘വടക്കിന്റെ ഏഥന്‍സ്’ എന്നാണു വിളിക്കുന്നത്. എഡിൻബർഗിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകളെ 1995 ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.
ഓരോ വര്‍ഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍, ലണ്ടന്‍ തൊട്ടുപിന്നിലാണ് ഇതിന്റെ സ്ഥാനം. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിന്‍ബറോ നഗരത്തിലെത്തുന്നത്. ഇവിടെ വർഷം തോറും നടക്കുന്ന എഡിന്‍ബറോ ഫെസ്റ്റിവൽ വളരെ പ്രസിദ്ധമാണ്. എഡിൻബർഗ് ഫ്രിഞ്ച്, ദ എഡിൻബർഗ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ദ എഡിൻബർഗ് മിലിറ്ററി റ്റാറ്റൂ, എഡിൻബർഗ് രാജ്യാന്തര ചലച്ചിത്രമേള , എഡിൻബർഗ് രാജ്യാന്തര പുസ്തകമേള എന്നീ പരിപാടികള്‍ ഒരുമിച്ചു ചേര്‍ത്തു നടത്തുന്ന ഈ ആഘോഷവേള എഡിന്‍ബറോ നഗരത്തിലെ ഏറ്റവും തിരക്കേറിയ സമയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു