റിയാദ്: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും പിന്നാക്ക സമൂഹത്തിന് സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കണമെന്നും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി കേരള ഘടകം ബുധനാഴ്ച നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു. മലസ് ‘ചെറീസ്’ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പിന്നാക്ക സമൂഹങ്ങൾക്ക് സർക്കാർ തലത്തിലും ഇതര മേഖലയിലും എത്രമാത്രം സാന്നിധ്യമുണ്ടെന്നും രാഷ്ട്ര നിർമാണത്തിലും വികസനകാര്യത്തിലും തീരുമാനമെടുക്കുന്നതിൽ എത്ര സ്വാധീനമുണ്ടെന്നും ലോകമറിയണമെന്നും അദ്ദേഹം പറഞ്ഞു.
സവർണ വംശീയതയുടെ ദീനം പിടിച്ചവവരാണ് ഇരുമുന്നണികളും. മുന്നാക്കക്കാരന് 10 ശതമാനം കൂടി ഒരു പഠനവും സങ്കോചവുമില്ലാതെ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയവരാണ് ഇടതുപക്ഷ സർക്കാർ. ഈ കളി ഇനിയും അനുവദിച്ചു കൂടെന്ന് അദ്ദേഹം പറഞ്ഞു.
കീഴാള സമൂഹത്തിന് ഭരണഘടനാദത്തമായ അവകാശങ്ങൾ നിരന്തരം അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ചൂണ്ടിക്കാട്ടി. പ്രവാസി നേതാക്കളായ സലീം മാഹി, ഷഹനാസ് സാഹിൽ, അസ്ലം മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്തു. പ്രവാസി വെൽഫെയർ ട്രഷറർ ഷഹ്ദാൻ സ്വാഗതവും സി.സി അംഗം ഫൈസൽ കൊല്ലം നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു