അബൂദബി: പുതുവർഷദിനത്തിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും അബൂദബിയിൽനിന്ന് നേരിട്ട് സർവിസ് ആരംഭിച്ച് ഇത്തിഹാദ് എയർവേസ്. പുതിയ രണ്ട് നോൺസ്റ്റോപ്പ് സർവിസുകൾകൂടി തുടങ്ങിയതോടെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് സർവിസുകളുടെ എണ്ണം 10 ആയി ഉയർന്നു.
പ്രവാസി മലയാളികൾക്ക് പുതുവർഷ സമ്മാനമായി മാറി ഇത്തിഹാദിന്റെ പുതിയ സർവിസുകൾ. 2023ൽ ഇത്തിഹാദ് കൊൽക്കത്തയിലേക്ക് സർവിസ് പുനരാരംഭിച്ചിരുന്നു. ഇതിനുപുറമെ തിരക്കേറിയ കേന്ദ്രങ്ങളായ മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള പ്രതിദിന സർവിസുകൾ രണ്ടിൽനിന്ന് നാലായി ഉയർത്തുകയും ചെയ്തിരുന്നു.
കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ദിനംപ്രതി ഓരോ സര്‍വിസുകളാണ് ആദ്യഘട്ടമായി നടത്തുന്നത്. എല്ലാദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബൂദബിയില്‍നിന്ന് യാത്രതിരിച്ച് രാത്രി 7.55ന് എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വിസ്. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 320ല്‍ 8 ബിസിനസ് ക്ലാസ്, 157 ഇക്കണോമി സീറ്റുകളാണുള്ളത്. തിരിച്ച് രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് പറന്നുയരുന്ന വിമാനം അര്‍ധരാത്രി 12.05ന് അബൂദബിയിലെത്തിച്ചേരും.
എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. പുലർച്ച 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് പറക്കുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയില്‍ ലാന്‍ഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് 190 ഇക്കണോമി സീറ്റുകളാണ് ഇതിനുള്ളത്. ഏഴ് കിലോമുതല്‍ 35 കിലോവരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുംവിധം വിവിധ നിരക്കുകളില്‍ സൗകര്യമുണ്ട്. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു