റി-യാദ്: മദീന ഗവർണർ പദവി ഒഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയ അമീർ ഫൈസൽ ബിൻ സൽമാൻ, റിയാദിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ഗവർണർ സ്ഥാനത്തുനിന്ന് മാറ്റിയ അദ്ദേഹത്തെ സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിങ് അബ്ദുൽ അസീസ് ഹൗസിന്റെ ഡയറക്ടർ ബോർഡ് ചെയർമാനും കിങ് ഫഹദ് നാഷനൽ ലൈബ്രറിയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായി നിയോഗിച്ചിരുന്നു. ആ പദവികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറി സന്ദർശനം.
ലൈബ്രറി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ലൈബ്രറി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും ലൈബ്രറി ജനറൽ സൂപ്പർവൈസറുമായ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബിൻ മുഅമ്മർ സ്വീകരിച്ചു. ലൈബ്രറിയുടെ പിന്നിട്ട ചരിത്രത്തെക്കുറിച്ചും 1985ൽ ആരംഭിച്ചതിന് ശേഷമുള്ള പുരോഗതിയെക്കുറിച്ചും അമീർ ഫൈസൽ ബിൻ സൽമാന് വിശദീകരിച്ചു കൊടുത്തു. ഗുണഭോക്താക്കൾക്കും സന്ദർശകർക്കും ലൈബ്രറി നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളും സേവനങ്ങളും വിലയിരുത്തി.
അറബ് കവിതാവർഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അറബി കവിതാപ്രദർശനം അവലോകനം ചെയ്തു. കിങ് അബ്ദുൽ അസീസ് ലൈബ്രറിയും കിങ് ഫഹദ് നാഷനൽ ലൈബ്രറിയും കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയും സംയുക്തമായി വിജ്ഞാനം, സംസ്കാരം, ഗവേഷണം എന്നീ മേഖലകളിൽ സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്തു. ദേശീയ സംസ്കാരത്തിന്റെ വിജ്ഞാന പങ്കാളിയും വഴികാട്ടിയും എന്ന നിലയിൽ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയുടെ പങ്കിനെ അമീർ ഫൈസൽ ബിൻ സൽമാൻ പ്രശംസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു