കൂടത്തായി കൊലപാതകങ്ങള്‍; ‘Curry & Cyanide: The Jolly Joseph Case’ പറയുന്നതെന്ത്? | CaseFiles | Anweshanam

‘ഇത് കേരളത്തിലെ ഏതു വീടുമാകട്ടെ, പക്ഷെ അതിന്റെ ഉള്ളറയിൽ ചുരുളഴിഞ്ഞത് കേട്ടുകേൾവിയില്ലാത്ത ഒന്നായിരുന്നു’… നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ‘കറി ആൻഡ് ദ് സയനൈഡ്: ജോളി ജോസഫ് കേസ് ’ എന്ന ഡോക്യുമെന്ററി തുടങ്ങുന്നത് ഇങ്ങനെയാണ്. 

വീട്ടിലെ അധികാരം പിടിച്ചെടുക്കാൻ ആദ്യം ഭർതൃമാതാവിനെ, സ്വത്തു സ്വന്തമാക്കാൻ ഭർതൃപിതാവിനെ, ആഗ്രഹിച്ച ജീവിതത്തിന് തടസ്സമാകുമെതോന്നിയപ്പോൾ ഭർത്താവിനെ… ഈ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചപ്പോൾ  അമ്മാവനെ, ഇഷ്ടപെട്ട  പുരുഷനെ സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ ഭാര്യയയെയും, അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെയും…അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സൈനയ്ഡ് കൊലപാതകം എന്ന് പറയാം. 14 വർഷത്തിനിടെ നടന്നത്  6 കൊലപാതകങ്ങൾ. 6 കൊലപാതങ്ങളുടെയും അന്വേഷണം ചെന്നുനിന്നതാകട്ടെ പോന്നമാറ്റം വീട്ടിലെ മരുമകൾ ജോളിയമ്മ ജോസഫിൽ. 

കോഴിക്കോട് ജില്ലയിൽ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ  റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്- റിട്ട.അധ്യാപിക അന്നമ്മ തോമസ് ദമ്പതികളുടെ മൂത്തമകൻ റോയ് തോമസിന്റെ ജീവിത പങ്കാളിയായി 1997 -ലാണ് കട്ടപ്പന സ്വദേശിയായ ജോളി കോഴിക്കോടെത്തുന്നത്. ബി കോം  ബിരുദാനന്തര ബിരുദധാരിയാണെന്ന് അവകാശപ്പെട്ട ജോളിയോട് ഭര്‍തൃമാതാവ് അന്നമ്മ തോമസ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതിനിടെ ജോളി ഗര്‍ഭിണിയാകുന്നു. ആദ്യ മകന്‍ ജനിച്ചതിന്  ശേഷം അന്നമ്മ വീണ്ടും ജോളിയോട്  ജോലിയുടെ വിഷയം സംസാരിച്ചുതുടങ്ങി. 2002 ല്‍ പൊന്നാമറ്റം കുടുംബത്തില്‍ എല്ലാവരും ഒത്തുചേർന്ന ഒരു ദിവസം, ഒരു ഗ്ലാസ് വെള്ളം കുടിച്ച് കിടപ്പുമുറിയിലേക്ക് പോയ അന്നമ്മ ദേഹാസ്വസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു. ഉടൻതന്നെ  മക്കളെല്ലാം ചേര്‍ന്ന്  അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്ന വിലയിരുത്തലില്‍ അന്നമ്മയുടെ ഭൗതിക ശരീരം പളളിയില്‍ അടക്കുന്നു.

ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മൂന്നുവര്‍ഷത്തിന് ശേഷം അന്നമ്മയുടെയും ടോം തോമസിന്റെ മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസും മരിച്ചു. 2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ മരിക്കുന്നു. അതേവർഷം മെയിൽ ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജു സ്കറിയയുടെ രണ്ടു വയസ്സുള്ള മകള്‍ ആൽഫൈൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുന്നു. പിന്നാലെ 2016 ജനുവരി 11ന് ഷാജുവിന്റെ  ഭാര്യ സിലിയും. 

അന്നമ്മയുടെ മരണശേഷം ജോളി പോന്നമാറ്റം വീട്ടിലെ അധികാരം ഏറ്റെടുക്കുന്നു. ഇതോടെ നിരവധി പ്രശ്നങ്ങളും കുടുംബത്തിൽ സംഭവിക്കുന്നു. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മറ്റു രണ്ടു മക്കളായ  റോജോ തോമസും രഞ്ജി തോമസും  നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് അന്വേഷണത്തിനു തുടക്കമിട്ടത്.

റോയ് തോമസിന്റെ കൊലപാതകമാണ് ആദ്യമായി കുടുംബാംഗങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കിട വെച്ചത്. 
പോലീസിന്റെ സഹായം തേടണമെന്നും റോജോയും രഞ്ജിയും തീരുമാനിക്കുന്നത് ഒരു ഒസ്യത്ത് പുറത്ത് വന്നതിന് പിന്നാലെയാണ്. 
പിന്നീട് അന്വേഷണത്തിനായി സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജ് സമര്‍പ്പിച്ച റിപ്പോർട്ട്.

മരണങ്ങൾ കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ 2 ഇടവകകളിലെ 3 കല്ലറകളിലായി അടക്കിയ 6 മൃതദേഹങ്ങളുടെ ഭാഗങ്ങൾ പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്കയച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി ജോസഫ്, ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയെന്നതിനു ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സയനൈഡ് നൽകിയെന്നതിനു സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.

കല്ലറ തുറക്കുന്നതുമായി ബന്ധപ്പെട്ടു റോജോയ്ക്കും രഞ്ജുവിനും  ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും  ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നുവെന്നും, കല്ലറ തുറക്കാന്‍ പോലീസ് തീരുമാനമെടുത്തപ്പോള്‍ ജോളിയിൽ ഭയമുണ്ടായിരുന്നുവെന്നും  അതാവശ്യമില്ലെന്ന് പറഞ്ഞ് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുമെല്ലാം അവർ പറയുന്നു. 

ജോളിയുടെയും റോയ് തോമസിന്റെയും മൂത്തമകന്‍ റെമോ റോയ്, റോയ് തോമസിന്റെ സഹോദരങ്ങളായ രഞ്ജി തോമസ്, റോജോ തോമസ്, അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ ജോളിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍, ഫോറന്‍സിക് വിദഗ്ധര്‍, മനശാസത്രജ്ഞര്‍, അയല്‍വാസികള്‍ തുടങ്ങിയവരെല്ലാം കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് ഡോക്യുമെന്ററിയുടെ ഭാഗമാകുന്നത്. 

അന്നമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലക്കിക്കൊടുത്തും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കിക്കൊടുത്തുമാണു കൊലപ്പെടുത്തിയതെന്നു ജോളിയുടെ കുറ്റസമ്മതം നടത്തിയിരുന്നു. ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവർ കോഴിക്കോട് ജില്ലാ ജയിലിൽ വിചാരണത്തടവിലാണിപ്പോൾ. മൂന്നാം പ്രതി പ്രജികുമാറിനു ജാമ്യം ലഭിച്ചു.

റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു റോയിയുടെ മരണകാരണമെന്നു കണ്ടെത്തി. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ പരിശോധിച്ചെങ്കിലും സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചതും  ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണു മറ്റുള്ളവരിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നാണു വിദഗ്ധർ പറയുന്നത്. 

ഇതിനിടെ ജോളി ജോസഫിനെതിരെ രണ്ടാം ഭർത്താവ് ഷാജു സ്കറിയ കോഴിക്കോട് വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. ഭർതൃമാതാവിനെ കൊന്ന കേസിൽ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കി. എന്നാൽ ജോളി കുറ്റം ചെയ്തിട്ടില്ലായെന്നും, ശിക്ഷിക്കപ്പെടില്ലയെന്നാണ് അഡ്വ. ബി എ ആളൂരിന്റെ പക്ഷം. 

ജോളി തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം  പറഞ്ഞു പരത്തിയ നുണകളാണ് ജോളിയ്ക്ക് വലിയ വിനയാകുന്നത്. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തി എൻ ഐ ടി പ്രൊഫസറായി വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ കബളിപ്പിച്ചത് ചെറിയ കാര്യമല്ല.

എന്താണ് കോടതയിൽ നടന്ന കൊലപാതകങ്ങളുടെ പിന്നിൽ; സ്വത്തോ പണമോ അധികാരമോ, അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ. ഇനിയും പുറത്തുവരാൻ എന്തെങ്കിലും ഉണ്ടാകുമോ, ജോളി ഇനിയും പറയാതെ ബാക്കിവെച്ചതായി എന്തെങ്കിലും ഉണ്ടാകുമോ?

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം