തിരുവനന്തപുരം: തിരുവനന്തപുരം നരുവാംമൂട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാംമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.
മഹാലിംഗ ഘോഷയാത്രയുടെ മറവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടാകുന്നത്. ഇന്നലെ രാത്രി പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ആർഎസ്എസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിക്കുകയും ഇതിന് പ്രതികാരമെന്നോണം അജീഷിനെ ആർഎസ്എസ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ അജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജീഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കൂ. നരുവാംമൂട് സുദർശൻ ചന്ദ്രൻ കൊലക്കേസിലെ പ്രതികളായ സജു,പ്രസാദ്,പപ്പൻ,ഷാൻ എന്നിവർ ചേർന്നാണ് വടിവാളും കമ്പികളും ഉപയോഗിച്ച് അജീഷിനെ വെട്ടിയതെന്ന നിഗമനത്തിലാണ് പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു