മൂന്ന് പുതിയ ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നും സൈനിക ഡ്രോണുകൾ നിർമ്മിക്കുമെന്നും 2024ൽ ആണവായുധ ശേഖരം വിപുലികരിക്കുമെന്നും ഉത്തരകൊറിയ. പ്രതിരോധശേഷി അരക്കിട്ടുറപ്പിക്കുന്നതിൽ വിട്ടുവീഴ്ച്ചയില്ലെന്നതിൽ തന്നെയാണ് ഉത്തരകൊറിയ.
സാമ്പത്തിക- സൈനിക – വിദേശ നയ രൂപീകരണ ലക്ഷ്യമിട്ടുള്ള അഞ്ച് ദിവസ ഭരണകക്ഷി യോഗ സമാപന ചടങ്ങിൽ പ്രസിഡൻ്റ് കിം വാഷിങ്ടണിനെതിരെ ആഞ്ഞടിച്ചു. ശത്രുക്കൾ തങ്ങളെ വീണ്ടുവിചാരമില്ലാതെ ആക്രമിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ കൊറിയൻ ഉപദ്വീപിൽ എപ്പോൾ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നവസ്ഥയാണെന്ന് പ്രസിഡൻ്റ് കിം പറഞ്ഞതായി ഉത്തര കൊറിയൻ വാർത്താ ഏജൻസി കെസിഎൻഎയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഇന്ന് (2023 ഡിസം 31) റിപ്പോർട്ടു ചെയ്തു.
ആക്രമണങ്ങൾക്ക് മറുപടിയായി ആവശ്യമെങ്കിൽ ആണവ ബോംബുകളുൾപ്പെടെ വർഷിയ്ക്കാൻ തയ്യാറെടുക്കാൻ അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലും അമേരിക്കയിലും നിർണായക തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു വർഷത്തിന് മുന്നോടിയായാണ് കിമ്മിന്റെ പ്രസംഗം.
ഭക്ഷ്യധാന്യ ഉല്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾക്കൊപ്പം സൗകര്യങ്ങൾ ലോഹങ്ങൾ, രാസവസ്തുക്കൾ, വൈദ്യുതി, യന്ത്രങ്ങൾ, റെയിൽവേ മേഖലകളുൾപ്പെടെയുള്ള അടിസ്ഥാന മേഖലയെ വികസിപ്പിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നിൽ പ്രത്യേകം ഊന്നൽ നൽകുമെന്നും കിം വ്യക്തമാക്കി. സ്കൂളുകളിൽ ശാസ്ത്ര സാങ്കേതിക ഗവേഷണ സൗകര്യങ്ങൾ വർദ്ധ പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സമ്മർദ്ദം ഉത്തരകൊറിയ നിലനിർത്തുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. കിമ്മുമായി ഭീഷണികളിലും ചരിത്രപരമായ നയതന്ത്രത്തിലുമുൾപ്പെടെ ഏർപ്പെട്ട മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തിരിച്ചുവരവ് കാണാനാകുമോയെന്നതും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം കിം ഭരണകൂടവുമായി ചർച്ചകൾക്ക് തയ്യാറാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഐക്യരാഷ്ട്രസഭ വ്യവസ്ഥകളെ മറികടന്ന് കൂടുതൽ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട് പോയി. അതിനാൽ തന്നെ ചർച്ചകൾക്ക് പകരം ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധമെന്നതിലാണ് ബൈഡൻ ഭരണകൂടം മുൻതൂക്കം നൽകിയത്. കൊറിയൻ ഉപദ്വീപിനു സമീപം ആണവ-സായുധ അന്തർവാഹിനികളും കൂറ്റൻ വിമാനവാഹിനിക്കപ്പലുകളുൾപ്പെടെയുള്ള കൂടുതൽ സൈനിക അഭ്യാസങ്ങളിലാണ് അമേരിക്കൻ ബൈഡൻ ഭരണകൂടം ശ്രദ്ധയൂന്നിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു