കുവൈത്ത് സിറ്റി: ക്യാമ്പിങ് സീസണിൽ മരുഭൂമിയിൽ പോകുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് ആവശ്യപ്പെട്ടു. ഉറങ്ങുന്നതിനുമുമ്പ് ടെന്റിൽനിന്ന് കത്തിച്ച കൽക്കരി ഒഴിവാക്കുകയും ജനറേറ്ററുകൾ ഓഫ് ചെയ്യുകയും വേണമെന്ന് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. ക്യാമ്പിങ് സൈറ്റ് വൃത്തിയായി സൂക്ഷിക്കണം. പ്രാണികൾ, എലി, വിഷമുള്ള ഇഴജന്തുക്കൾ എന്നിവയുടെ സാന്നിധ്യം ഉണ്ടായേക്കാമെന്നതിനാൽ ഭൂമിയിലെ വിള്ളലുകൾ, ദ്വാരങ്ങൾ എന്നിവ ശ്രദ്ധിക്കണം.
എളുപ്പത്തിൽ തീപിടിക്കാൻ കഴിയുന്ന ഉണങ്ങിയ പുല്ലുകൾ ഒഴിവാക്കണം. മരുഭൂമിയിൽ പോകുന്നവർ വൈദ്യുതാഘാതം ഒഴിവാക്കാൻ തുറന്ന വയറുകൾ ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം. ഗ്യാസ് സിലിണ്ടറുകൾ കൂടാരത്തിന് പുറത്ത് സൂക്ഷിക്കണം. മാലിന്യം പറക്കാതിരിക്കാൻ കാറ്റിന്റെ ദിശക്ക് എതിർവശത്ത് കൂടാരങ്ങൾ സ്ഥാപിക്കണം. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ ക്യാമ്പ് സൈറ്റിനായി ഉയർന്ന നില തിരഞ്ഞെടുക്കണം. തീ പടരാതിരിക്കാൻ ഓരോ ടെന്റിനുമിടയിൽ ആറു മീറ്ററിൽ കുറയാതെ ഇടം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ അടിയന്തര ഹോട്ട്ലൈൻ 112ലേക്ക് വിളിക്കണമെന്ന് ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു