ഗസ്സ സിറ്റി: ഹമാസിന്റെ ശക്തികേന്ദ്രമായ ഖാൻ യൂനിസിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രായേൽ സൈന്യം. നഗരത്തിനുള്ളിലേക്ക് കൂടുതൽ മുന്നേറാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്. ഖാൻ യൂനിസിൽ ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് പുറമേ, വ്യോമാക്രമണവും ശക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു.
ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫയിൽ ആയിരക്കണക്കിന് ക്യാമ്പുകൾ ഉയർന്നതിെന്റ ദൃശ്യങ്ങൾ റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഡ്രോൺ ദൃശ്യങ്ങൾ വെളിപ്പെടുത്തി. ഖാൻ യൂനിസിലെ രൂക്ഷമായ ആക്രമണത്തെത്തുടർന്ന് സമീപ നാളുകളിൽ പതിനായിരക്കണക്കിന് ഫലസ്തീനികൾ റഫയിലേക്ക് പലായനം ചെയ്തിരുന്നു.
മധ്യ ഗസ്സയിലെ നുസൈറത്തിലും രൂക്ഷമായ ബോംബാക്രമണമാണ് നടക്കുന്നത്. ഇസ്രായേൽ സൈന്യം നടത്തുന്ന കരയാക്രമണത്തെത്തുടർന്ന് പതിനായിരങ്ങളാണ് ഇവിടെ നിന്ന് പലായനം ചെയ്തത്. തെക്കൻ ഗസ്സയിലെ കൂട്ട ഒഴിപ്പിക്കലിനെത്തുടർന്ന് പ്രദേശത്ത് രോഗവ്യാപന ഭീഷണി വർധിച്ചിരിക്കുകയാണെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ എത്തുന്ന ജീവകാരണ്യ സഹായങ്ങൾ വളരെ പരിമിതമാണെന്ന് യു.എൻ അറിയിച്ചു. എന്നാൽ, തങ്ങൾ സഹായം തടയുന്നില്ലെന്നും വിതരണത്തിെന്റ പ്രശ്നമാണെന്നുമാണ് ഇസ്രായേൽ പറയുന്നത്.
ഗസ്സയിലെ അഭയകേന്ദ്രങ്ങൾ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വ്യക്തിശുചിത്വം പാലിക്കുകയെന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കുകയാണ്. മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രികളിലും താങ്ങാനാവുന്നതിലധികം രോഗികൾ നിറഞ്ഞിരിക്കുകയാണ്.
READ ALSO…മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു; കനത്ത ജാഗ്രതാ നിർദ്ദേശം
ഗസ്സയിലെ പകർച്ചവ്യാധി ഭീഷണിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഡിസംബർ പകുതി വരെയുള്ള മൂന്നുമാസം 1,80,000 ശ്വാസകോശ രോഗ കേസുകളും 1,36,400 അതിസാര കേസുകളും (ഇതിൽ പകുതിയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ്) 55,400 ചർമരോഗ കേസുകളും 5,330 ചിക്കൻപോക്സ് കേസുകളും 4,683 മഞ്ഞപ്പിത്ത കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച, ഇസ്രായേലുമായി സഹകരിച്ച് ആറ് ലക്ഷം വാക്സിനുകൾ ഗസ്സയിൽ ലഭ്യമാക്കി. യുദ്ധകാലത്ത് വാക്സിനെടുക്കാൻ സാധിക്കാതിരുന്ന കുട്ടികൾക്കാണ് ഇത് നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു