ഇംഫാൽ: മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാങ്പോക്കി ജില്ലയിലാണ് കുക്കികളും മെയ്തേയികളും തമ്മിൽ സംഘർഷമുണ്ടായത്. ഇതിൽ മെയ്തേയി വിഭാഗത്തിലെ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ്. ഡിസംബർ നാലിന് മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം കാര്യമായ സംഘർഷങ്ങൾ മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇതിനിടെ മണിപ്പൂരിലെ അതിർത്തി നഗരമായ മൊറേയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 3.30ഓടെയാണ് സായുധസംഘം പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ചത്. സ്ഫോടക വസ്തുകൾ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്ന് സുരക്ഷാസേന സായുധസംഘത്തിന് നേരെ വെടിയുതിർത്തുവെന്നും റിപ്പോർട്ടുണ്ട്.
ആക്രമണത്തിനിടെ പരിക്കേറ്റ പൊലീസുകാരൻ അസം റൈഫിൾസ് ക്യാമ്പിൽ ചികിത്സയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. മെറേയിൽ നിന്ന് അടുത്തുള്ള ചെക്ക്പോസ്റ്റിലേക്ക് പൊലീസിന്റെ വാഹനവ്യൂഹം സഞ്ചരിക്കുമ്പോഴാണ് അതിന് നേരെ ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടർന്ന് മൊറേയിൽ സംഘർഷമുണ്ടായെന്ന് രണ്ട് വീടുകൾക്ക് തീവെച്ചെന്നും റിപ്പോർട്ടുകളുണ്ട്.ഈ മാസം ആദ്യം മണിപ്പൂരിൽ അജ്ഞാതസംഘം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ജവാനും സിവിലിയനും കൊല്ലപ്പെട്ടിരുന്നു. കാങ്പോക്കി ജില്ലയിലാണ് അന്ന് ആക്രമണമുണ്ടായത്.
മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിൽ മേയ് മൂന്നിന് തുടങ്ങിയ വംശീയ സംഘർഷം സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. മെയ്തേയി സമുദായത്തിന്റെ സംവരണ ആവശ്യത്തിനെതിരെ നടന്ന മാർച്ചിനെ തുടർന്നാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. ഇതുവരെ സംഘർഷങ്ങളിൽ 180 പേർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു