മുംബൈ: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ വിജയത്തിനരികിൽ ഇന്ത്യൻ വനിതാ ടീം വീണു. മൂന്ന് റൺസിനായിരുന്നു തോൽവി. ഇതോടെ മൂന്ന് മത്സര പരമ്പരയും (0-2) നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് കുറിച്ച 259 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയർക്ക് 50 ഓവറിൽ എട്ട് വിക്കറ്റിന് 255 റൺസെടാണെടുക്കാനായത്. 96 റൺസ് നേടി റിച്ച ഘോഷ് ടോപ് സ്കോററായി. ദീപ്തി ശർമ അഞ്ചു വിക്കറ്റുമായി കരുത്തുകാട്ടിയ ദിനത്തിൽ ഓസീസ് 50 ഓവറിൽ എട്ടു വിക്കറ്റിന് 258 റൺസ് എന്ന താരതമ്യേന മികച്ച ടോട്ടൽ നേടി.
ഓപണർ ഫീബ് ലിച്ച്ഫീൽഡ് (63), എല്ലിസ് പെറി (50) എന്നിവർ അർധശതകങ്ങളുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ തഹ്ലിയ മക്ഗ്രാത്ത് (24), അന്നാബെൽ സതർലാൻഡ് (23), അലാന കിങ് (28) തുടങ്ങിയവരും പിടിച്ചുനിന്നു. എല്ലിസ് പെറിയടക്കം പ്രമുഖരെ മടക്കി ദീപ്തി ശർമയാണ് ഓസീസ് പടയോട്ടത്തെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിൽ ആദ്യവസാനം ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യൻ ഇന്നിങ്സ്. ഓപണർ യാസ്തിക ഭാട്ടിയ നേരത്തേ മടങ്ങിയെങ്കിലും വൺഡൗണായി എത്തിയ റിച്ച ഘോഷ് ഓസീസ് ബൗളിങ്ങിനെ നിർദയം തല്ലിച്ചതച്ചു.
തുടക്കത്തിൽ സ്മൃതി മന്ദാനയും (34) പിന്നീട് ജെമീമ റോഡ്രിഗസും (44) ഉറച്ച കൂട്ട് നൽകിയതോടെ റിച്ചയുടെ ബാറ്റിൽനിന്ന് നിരന്തരം ബൗണ്ടറികൾ പ്രവഹിച്ചു. ഇരുവരും മടങ്ങിയശേഷവും റിച്ചതന്നെയായിരുന്നു അമരത്ത്. റിച്ചയുടെ പുറത്താവൽ ഇന്ത്യക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അഞ്ച് റൺസ് മാത്രമാണ് നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു