ദുബൈ: യു.എ.ഇ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസിന് (യു.എ.ഇ.ആർ.ഇ.പി) കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ഗവേഷണ നിർദേശങ്ങൾക്ക് 15 ലക്ഷം ഡോളർ വരെ ഗ്രാന്റുകൾ അടുത്ത മാസം വിതരണം ചെയ്യും. രാജ്യത്തെ ജലസുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ പദ്ധതികൾക്കായാണ് ഗ്രാന്റ് നൽകുന്നത്.
പദ്ധതിയുടെ അഞ്ചാം പതിപ്പിലെ അവാർഡ് ജേതാക്കളെ ജനുവരി 23ന് അബൂദബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ പ്രഖ്യാപിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(എൻ.സി.എം) വൃത്തങ്ങൾ അറിയിച്ചു. ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ 2015ൽ പ്രഖ്യാപിച്ചതാണ് യു.എ.ഇ.ആർ.ഇ.പി പദ്ധതി.
അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് രണ്ട് മാസത്തിനുള്ളിൽ പ്രോജക്ടുകൾ നടപ്പിലാക്കാൻ തുടങ്ങും. പദ്ധതികൾ സിദ്ധാന്തത്തിൽനിന്ന് പ്രയോഗത്തിലേക്ക് എത്തിക്കുന്നതിനാണ് ഗ്രാന്റ് സഹായിക്കുന്നതെന്നും എൻ.സി.എം വൃത്തങ്ങൾ അറിയിച്ചു. യു.എ.ഇ ഉൾപ്പെടെ 10 രാജ്യങ്ങളിലെ 35 സ്ഥാപനങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 64 ഗവേഷകരും ശാസ്ത്രജ്ഞരും വിദഗ്ധരും സമർപ്പിച്ച എട്ട് നിർദേശങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കാലാവസ്ഥാ രംഗത്തെ വിദഗ്ധരുടെ സംഘമാണ് പദ്ധതികൾ വിലയിരുത്തി വിജയികളെ കണ്ടെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു