ദുബൈ: മറ്റ് വാഹനങ്ങൾക്ക് അപകടം വരുത്തുന്ന രീതിയിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് എസ്.യു.വി കാറുകൾ ദുബൈ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.നാദൽ ഷിബ, അൽ മൈദാൻ സ്ട്രീറ്റുകളിൽ ബുധനാഴ്ച അർധരാത്രിയിൽ അഭ്യാസപ്രകടനം നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. അർധ രാത്രി ഒരുമിച്ചെത്തിയ വാഹന ഉടമകൾ താമസക്കാരെ ശല്യപ്പെടുത്തുന്ന രീതിയിൽ അമിതമായ ശബ്ദം ഉണ്ടാക്കുകയും അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുകയുമായിരുന്നു.
പരാതി ലഭിച്ച ഉടനെ സി.സി കാമറകൾ പരിശോധിച്ച് അഞ്ചു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.50,000 ദിർഹം പിഴ അടച്ചാൽ മാത്രമേ വാഹനങ്ങൾ വിട്ടുനൽകൂവെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ജീവന് ഭീഷണിയാകുന്നതും പൊതു മുതലുകൾക്കും സുരക്ഷക്കും ഭീഷണിയാകുന്നതുമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും 50,000 ദിർഹം പിഴ ഈടാക്കി മാത്രം വാഹനങ്ങൾ വിട്ടുനൽകിയാൽ മതിയെന്നുമുള്ള ട്രാഫിക് നിയമം ഈ വർഷം ജൂലൈയിലാണ് നടപ്പിലാക്കിയത്. വാഹനങ്ങളുടെ കസ്റ്റഡി കാലാവധി ട്രാഫിക് നിയമങ്ങൾക്കനുസരിച്ചായിരിക്കും തിരുമാനിക്കുക. ചുവപ്പ് സിഗ്നൽ തെറ്റിച്ച് പോകുന്ന വാഹനങ്ങൾ വിട്ടുനൽകാനും 50,000 ദിർഹം ഈടാക്കും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സർവിസ് വഴിയോ 901 നമ്പർ വഴിയോ റിപ്പോർട്ട് ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു