മെല്‍ബണ്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എല്ലാ ഫോര്‍മാറ്റിലും ഓസീസ് ഓപ്പണിങിന്റെ ഒരറ്റത്ത് വാര്‍ണറുണ്ട്. സഹ ഓപ്പണര്‍മാര്‍ക്കാണ് മാറ്റം. ടെസ്റ്റില്‍ തന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള താരം മാര്‍ക്കസ് ഹാരിസാണെന്നു വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ പക്ഷേ തിരുത്തുമായി എത്തുകയാണ് ഓസീസ് മുഖ്യ പരിശീലകന് ആന്‍ഡ്രു മക്ഡൊണാള്‍ഡ്. നിരവധി താരങ്ങളെ വാർണറുടെ പിൻഗാമിയായി പരിഗണിക്കുന്നുണ്ടെന്നു മക്ഡൊണാള്‍ഡ് പറഞ്ഞു.
കാമറൂണ്‍ ഗ്രീന്‍ ആ സ്ഥാനത്തേക്ക് ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നു മക്ഡൊണാള്‍ഡ് വ്യക്തമാക്കി. ഗ്രീനിനെ കൂടാതെ മാര്‍ക്കസ് ഹാരിസ്, മാറ്റ് റെന്‍ഷോ, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് അടക്കമുള്ള താരങ്ങളാണ് മുന്‍നിരയിലുള്ളത്.
‘ഡേവി സെലക്ടറല്ലല്ലോ. മാറ്റ് റെന്‍ഷോയെ ഇതുപോലെ ഡേവി അംഗീകരിക്കുന്നുണ്ട്. ബാന്‍ക്രോഫ്റ്റ്, ഗ്രീന്‍ തുടങ്ങിയവരും ഉണ്ട്. ഡേവിയെ പോലെ ഒരു താരം തന്റെ പിന്‍ഗാമിയായി സഹ താരങ്ങളെ പറയുന്നതു അവരെ അംഗീകരിക്കുന്നതുമൊക്കെ ടീമിനെ സംബന്ധിച്ച് പോസിറ്റീവായ കാര്യമാണ്.’
‘അദ്ദേഹത്തിനു അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതു തുറന്നു പറയുന്നതില്‍ സന്തോഷമേ ടീമിനെ സംബന്ധിച്ചുള്ളു.’
‘ഓപ്പണിങ് സ്ഥാനത്തേക്ക് എന്തായാലും നിരവധി താരങ്ങളുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസുമായുള്ള പോരാട്ടത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും’- മക്ഡൊണാള്‍ഡ് വിശദീകരിച്ചു.
പാകിസ്ഥാനെതിരായ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം സിഡ്നിയില്‍ അരങ്ങേറും. ജനുവരി മൂന്ന് മുതല്‍ തുടങ്ങുന്ന ടെസ്റ്റ് വാര്‍ണറുടെ കരിയറിലെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു