മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട് നില്‍ക്കുകയാണ് പാകിസ്ഥാന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു പിന്നിലാണ് അവര്‍. അതിനിടെ രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താകലില്‍ ഐസിസിയെ സമീപിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേയാണ് റിസ്വാന്റെ പുറത്താകല്‍. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് പിടി നല്‍കിയാണ് റിസ്വാന് പുറത്തായത്. ഇതാണ് വിവാദമായത്.
Wicket 250 for Pat Cummins! 🎉
The third umpire decided the ball flicked Mohammad Rizwan’s sweatband on the way through. #MilestoneMoment | @nrmainsurance | #AUSvPAK pic.twitter.com/vTuDL5DmNB
— cricket.com.au (@cricketcomau) December 29, 2023
റിസ്വാന്റെ റിസ്റ്റ് ബാന്‍ഡില്‍ തട്ടിയാണ് പന്ത് പിന്നിലേക്ക് പോയത്. കമ്മിന്‍സിന്റെ അപ്പീല്‍ പക്ഷേ ഫീല്‍ഡ് അംപയര്‍ നിരസിച്ചു. ഡിആര്‍എസില്‍ പക്ഷേ മൂന്നാം അംപയർ താരത്തെ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനത്തില്‍ അമ്പരന്ന റിസ്വാന് ഗ്രൗണ്ടില്‍ വച്ചു തന്നെ ഇക്കാര്യം ചോദ്യം ചെയ്താണ് മടങ്ങിയത്. ബാൻഡിൽ അല്ല കൈ തണ്ടയ്ക്ക് മുകളിൽ തട്ടിയാണ് പന്ത് പിന്നിലേക്ക് പോയത് എന്നാണ് റിസ്വാൻ വാദിക്കുന്നത്.
പിന്നാലെയാണ് അംപയറിങ്, സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാട്ടി പാകിസ്ഥാന് ഐസിസിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള പിഴവുകള്‍ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആകെ ഫലത്തെ തന്നെ അട്ടിമറിക്കുമെന്നാണ് പാക് അധികൃതര്‍ വ്യക്തമാക്കുന്നത്.