പത്തനംതിട്ട∙ ചെന്നീർക്കരയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ എറിഞ്ഞ് പ്രതിഷേധം. ചെന്നീർക്കര പഞ്ചായത്തിലെ ആറാം വാർഡ് അംഗമായ ബിന്ദു ടി.ചാക്കോയുടെ വീട്ടിലേക്കാണ് പെരുമ്പാമ്പിനെ എറിഞ്ഞത്. ചാക്കിലാക്കിയാണ് പെരുമ്പാമ്പിനെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് എറിഞ്ഞത്. നാട്ടിലെ ഒരുസംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ എത്താൻ വൈകിയതായിരുന്നു പ്രകോപനം. സംഭവവുമായി ബന്ധപ്പെട്ട് ബിന്ദുവിന്റെ അമ്മ ഇലവുംതിട്ട പൊലീസിൽ പരാതി നൽകി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാത്രി 11 മണിയോടെയാണ് വെട്ടോലിമല കുരിശുംമൂട് ഭാഗത്തുനിന്നും നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ പിടിച്ചത്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് വാർഡ് അംഗമായ ബിന്ദു ഇക്കാര്യം വനപാലകരെ അറിയിച്ചു.
എന്നാൽ, വനപാലകർ സ്ഥലത്തെത്താൻ വൈകിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ രാത്രി 11.30ഓടെ ചാക്കിലാക്കിയ പെരുമ്പാമ്പിനെ വാർഡ് അംഗത്തിന്റെ വീട്ടിൽ തള്ളുകയായിരുന്നു. ഇതിനു മുൻപ് ഇവരിൽ ഒരാൾ വീട്ടിൽ വിളിച്ച് പെരുമ്പാമ്പിന് കാവലിരിക്കാൻ ആകില്ലെന്നും അതിനെ വീട്ടിൽ കൊണ്ടുവന്ന് ഇടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. പിന്നീട് വനപാലകർ സ്ഥലത്തെത്തി വാർഡ് അംഗത്തിന്റെ വീട്ടിൽനിന്ന് പെരുമ്പാമ്പിനെ ഏറ്റെടുത്തു.