ചെങ്കടലിൽ ഹൂതി ആക്രമണ ഭീഷണി നേരിടുന്ന വാണിജ്യ കപ്പലുകളെ സംരക്ഷിക്കാൻ ജർമ്മനിയും യൂറോപ്യൻ യൂണിയൻ പങ്കാളികളും സംയുക്തമായി പുതിയ നാവിക ദൗത്യം നടത്താൻ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ജർമ്മൻ സർക്കാർ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകാൻ തയ്യാറാണ്. ചെങ്കടലിനെ ഭിഷണി മുക്തമാക്കുവാൻ യൂറോപ്യൻ യൂണിയന് വേഗത്തിൽ പ്രവർത്തിക്കുവാനാകും. നാവിക ദൗത്യം നിർദ്ദേശിക്കപ്പെട്ടിട്ടുവെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ചെങ്കടൽ നാവിക ഗതാഗത സംരക്ഷണ സംയുക്ത ദൗത്യ സേനയെന്ന യുഎസ് ഭരണകൂട നടപടി പ്രതീക്ഷിക്കപ്പെട്ട പോലെ വിജയം കാണുന്നില്ലെന്ന് കൂടതൽ വ്യക്തമാക്കുകയാണ് ജർമ്മനിയുടെ മുൻകയ്യിലൊരു നാവിക ദൗത്യ നീക്കം.
ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതികൾ നവംബർ 19 മുതൽ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ചെങ്കടലിലെ ഒരു ഡസൻ കപ്പലുകൾ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിതിട്ടുണ്ട്. ഹമാസിന് ഐക്യദാർഢ്യമായി ചെങ്കടലിലെ നാവിക ചരക്കുനീക്കത്തെ ഹൂതികൾ താറുമാറാക്കിയിരിക്കുന്നു.
READ ALSO ഹൂതി: ചെങ്കടൽ: പിന്തുണയില്ലാതെ യുഎസ് – നേതൃ ദൗത്യ സേനാ സംഘം
ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ചെങ്കടലിൽ തിരിച്ചടി നൽകുകയെന്നതിൻ്റെ ഭാഗമായാണ് ഇറാൻ സഖ്യ ഹൂതികൾ ആക്രമണോത്സുകരായിട്ടുള്ളത്.
യൂറോപ്യൻ യൂണിയൻ്റെ നേതൃതത്തിൽ കടൽകൊള്ള വിരുദ്ധ ദൗത്യം ‘അറ്റലാന്റ’ നിലവിലുണ്ട്. ഇതിനെ ചെങ്കടൽ നാവിക ഗതാഗതം സംരക്ഷിക്കുന്നതിനുള്ള ചുമതലപ്പെടുന്നതിൻ്റെ സാധ്യതകൾ സംബന്ധിച്ച് ബ്രസൽസിൽ ചർച്ചകൾ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ജർമ്മൻ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറ്റലാന്റയെ വി പുലികരിച്ച് ചെങ്കടലിൽ വിന്യസിയ്ക്കണമെന്നതിനെ എതിർക്കുന്നു. യുഎസിന്റെ നേതൃത്വത്തിലുള്ള നാവികസേനയിൽ ചേരില്ലെന്നും സ്പെയിൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ചെങ്കടലിലെ ഹൂതി ഭീഷണി നേരിടാൻ വ്യത്യസ്ത ദൗത്യമെന്നത് ജർമ്മനിയുടെ പരിഗണനയിലെത്തിയിട്ടുള്ളത്.
ഹൂതികളുടെ ആക്രമണങ്ങളെ പ്രതിരോധിയ്ക്കുവാൻ ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ എന്നറിയപ്പെടുന്ന 20 അംഗ സഖ്യ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ നാവിക ദൗത്യ സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകി. എങ്കിലും സഖ്യകക്ഷികൾ ഇതിനോട് വിമുഖത കാണിക്കുന്നു. യുഎസ് നേതൃ സംയുക്ത ദൗത്യസേനയോട് യൂറോപ്യൻ യൂണിയനിലെ പ്രധാനപ്പെട്ട രണ്ടു അംഗരാജ്യങ്ങൾ ഇറ്റലിയും സ്പെയിനും സഹകരിക്കുന്നില്ലെന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്.
ഹൂതി വിരുദ്ധ യുഎസ് നേതൃ ദൗത്യത്തിൽ പങ്കാളിയാകുന്നതിൽ ജർമ്മനിയാകട്ടെ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. ഇതു സംബന്ധിച്ച ആലോചനകൾ തുടരുകയാണെന്നാണ് ജർമ്മൻ പ്രതിരോധ വക്താവ് പറയുന്നത്.
യുഎസ് നേതൃ സഖ്യസേനയിൽ ലക്ഷ്യമിട്ട 20 അംഗങ്ങളെന്നതിൽ പകുതിയോളം പങ്കാളികളാകാൻ തയ്യാറാവുന്നില്ല. ഇത് അമേരിക്കൻ ഭരണകൂട നീക്കത്തിനേറ്റ തിരിച്ചടിയായി മാറുന്നുണ്ട്.
ഇസ്രായേലിൻ്റെ ഗസ്സ ജനതയുടെ കൂട്ടക്കുരുതികളെ കണ്ണടച്ച് പിന്തുണക്കുന്ന യുഎസ് ഭരണകൂട നടപടികളിൽ സഖ്യകക്ഷികളിൽ പലരും തൃപ്തരല്ല. ഗസ്സ കൂട്ടക്കുരുതിക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലേതുൾപ്പെടെയുള്ള ജനങ്ങൾ ഇസ്രായേലി ഭരണകൂടത്തെ പ്രതികൂട്ടിലാക്കുന്നുണ്ട്.
ഗസ്സയിലെ മനുഷ്യകുരുതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ജനങ്ങളുടെ വികാരങ്ങൾക്കെതിരെ നിലപാടു സ്വീകരിക്കുന്നതിൽ ഒട്ടുമിക്ക രാജ്യങ്ങളും മടിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് ഹൂതികൾക്കെതിരെ യുഎസ് നേതൃ സംയുക്ത ദൗത്യസേനയിൽ നിന്ന് വിട്ടു നിൽക്കുവാനുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം.