ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടെത്തിയ ടീം ഇന്ത്യ (India Cricket Team) ദയനീയ പരാജയമാണ് ആദ്യ ടെസ്റ്റിൽ ഏറ്റുവാങ്ങിയത്. സെഞ്ചൂറിയനിൽ നടന്ന കളിയിൽ ഇന്നിങ്സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റത്. ഇന്ത്യ 245, 131 എന്നിങ്ങനെ സ്കോറുകൾ നേടിയപ്പോൾ, ദക്ഷിണാഫ്രിക്ക 408 റൺസാണ് ഒന്നാമിന്നിങ്സിൽ സ്കോർ ചെയ്തത്. വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.
ആദ്യ ടെസ്റ്റിലെ വിജയം 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഇന്ത്യയ്ക്കാകട്ടെ കനത്ത തിരിച്ചടിയാണ് ഈ പരാജയം സമ്മാനിച്ചത്. ആദ്യ കളിയിലെ ഇന്നിങ്സ് തോൽവിയോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. പാകിസ്താനാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്, ന്യൂസിലൻഡും ബംഗ്ലാദേശും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്.
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം മാത്രം കളിച്ച ദക്ഷിണാഫ്രിക്ക 100 ശതമാനം പോയിന്റുമായാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താൻ മൂന്ന് കളിയിൽ നിന്ന് 61.11% പോയിന്റാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിനും, നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശിനും 50% പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങൾ കളിച്ചുകഴിയുമ്പോൾ 44.44% പോയിന്റാണുള്ളത്.
READ ALSO…തേന് കൊണ്ട് മുഖത്ത് തിളക്കവും ചെറുപ്പവും നല്കാം; അറിയാം പൊടിക്കൈകൾ
പോയിന്റ് പട്ടികയിൽ മുന്നിലേക്ക് കയറണമെങ്കിൽ അവസാന കളിയിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ജനുവരി മൂന്ന് മുതലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ ആദ്യ കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിലും ഫൈനലിൽ എത്തിയിരുന്നെങ്കിലും രണ്ട് തവണയും തോൽക്കാനായിരുന്നു ഇന്ത്യയ്ക്ക് വിധി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു