തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ് കുമാര്‍, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ വകുപ്പുകളില്‍ തീരുമാനമായതായി സൂചനകള്‍. അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായി പ്രവര്‍ത്തിച്ച തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല. അദ്ദേഹത്തിന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകളുടെ ചുമതലയാണ് നല്‍കിയത്. കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയാകും.
സാംസ്കാരിക മന്ത്രി വിഎൻ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല. വകുപ്പ് തീരുമാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. അഹമ്മദ് ദേവര്‍കോവില്‍ നേരത്തെ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകള്‍ക്കൊപ്പം തുറമുഖ വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പു തന്നെ കടന്നപ്പള്ളിക്ക് ലഭിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ വിഴിഞ്ഞം തുറമുഖം സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായതിനാല്‍ തുടര്‍ നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ പ്രശ്മില്ലാത്ത തരത്തില്‍ മുന്നോട്ടു കൊണ്ടു പോകാനാണ് വകുപ്പ് സിപിഎം തന്നെ എറ്റെടുത്തുതെന്ന സൂചനകളുമുണ്ട്.
ഏതു വകുപ്പായാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നു കടന്നപ്പള്ളി വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിയെ പ്രൊഫഷണല്‍ സംവിധാനമാക്കുമെന്നു ഗണേഷ് കുമാര്‍ പ്രതീക്ഷ പങ്കിട്ടു.