തിരുവനന്തപുരം: ഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധം. വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി വീശി.
ആരിഫ് ഖാൻ ഗോ ബാക്ക്, ഗവര്‍ണര്‍ ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ എസ്എഫ്ഐ ഇന്ന് പ്രതിഷേധം നടത്തില്ലെന്ന് കരുതിയിരുന്നെങ്കിലും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ.
പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്നും തന്റെ കാറില്‍ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷമായി മുൻപ് പ്രതിഷേധിച്ചതെന്നുമായിരുന്നു വിമാനത്താവളത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞത്. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധം.