ദുബൈ: സർവകലാശാല വിദ്യാർഥികൾക്ക് ഗവേഷണ പദ്ധതിയുമായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം (എം.ബി.ആർ.എസ്.സി). ബഹിരാകാശ ശാസ്ത്രരംഗത്തെ ഗവേഷണം വഴി രാജ്യത്തെ പുതിയ പദ്ധതികളുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുകയും അവരുടെ ബഹിരാകാശ രംഗത്തെ നൈപുണ്യവും താൽപര്യവും വർധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ അടുത്ത വർഷം ബിരുദം പൂർത്തിയാക്കുന്ന ഇമാറാത്തി വിദ്യാർഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതി 10 ആഴ്ച നീണ്ടുനിൽക്കും.
ഗവേഷണത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് നേരിട്ടും ഓൺലൈനിലുമായി എർത്ത് സയൻസ്, ബഹിരാകാശത്തെ മനുഷ്യശരീരം, ബഹിരാകാശ എൻജിനീയറിങ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ ലഭിക്കും. ഗവേഷണ വിഷയങ്ങളും അധ്യാപകരെയും പരിചയപ്പെടുന്നതിന് ബൂട്ട് ക്യാമ്പും ഒരുക്കുന്നുണ്ട്. രാജ്യം ബഹിരാകാശരംഗത്ത് വിപുലമായ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പുതുതലമുറയെ ഈ രംഗത്തേക്ക് വഴിനടത്തുന്നതിന് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു