അബൂദബി: നിർമാണം പുരോഗമിക്കുന്ന അബൂദബി ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 14ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമി നാരായൺ സൻസ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത രീതിയിലുള്ള ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അരങ്ങേറുക. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ വിവിധ പൂജാചടങ്ങുകളോടെ ഏഴ് ആരാധനമൂർത്തികളെ പ്രതിഷ്ഠിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങ് നടക്കുക.
അബൂദബിയിൽനിന്ന് ദുബൈയിലേക്കുള്ള പ്രധാന പാതക്കു സമീപത്തായി അബൂ മുരീഖ പ്രദേശത്താണ് ക്ഷേത്രം ഉയരുന്നത്. 2018ൽ മോദിയുടെ യു.എ.ഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിന്റെ നിർമാണം പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് എത്തിച്ച വെളുത്തതും കാവി നിറത്തിലുള്ളതുമായ മാർബിളുകളാണ് നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. നിർമാണം അന്തിമഘട്ടത്തിലെത്തിയ കെട്ടിടത്തിന്റെ വലിയ കമാനങ്ങൾ ഇപ്പോൾ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുവരുകളിൽ വിദഗ്ധരായ കരകൗശല തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൊത്തുപണികൾ നടന്നത്. പരമ്പരാഗാത ഹിന്ദു ക്ഷേത്രങ്ങളിലേതിന് സമാനമായ രീതിയിലാണ് ഓരോ ഭാഗവും വികസിപ്പിക്കുന്നത്.
ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴു കമാനങ്ങളാണ് ക്ഷേത്രത്തിനുള്ളത്. പിങ്ക് നിറത്തിലെ കമാനങ്ങളിൽ നിറയെ കൊത്തുപണികളുള്ള കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നുവർഷമായി രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായി രണ്ടായിരത്തിലേറെ കരകൗശല തൊഴിലാളികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ക്ഷേത്രത്തൂണുകളിൽ കൊത്തിയെടുത്ത ചിത്രങ്ങളിൽ ഹിന്ദു പുരാണകഥകളും ഇതിഹാസങ്ങളും മതപാഠങ്ങളുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഉദ്ഘാടനത്തിനുശേഷം ഫെബ്രുവരി 18 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയിലെ ഭരണരംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ഷേത്രം നിലവിൽ വരുന്നതോടെ പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായി ഇതു മാറുമെന്നും വിനോദസഞ്ചാരികളെയടക്കം ആകർഷിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു