അബൂദബി: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചികിത്സക്കായി ഗസ്സയിൽനിന്ന് യു.എ.ഇയിൽ എത്തിച്ചവരിൽ രണ്ടുപേർ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. 58ഉം 63ഉം വയസ്സുകാരായ രണ്ടുപേരാണ് മരിച്ചതെന്ന് അനുശോചന സന്ദേശത്തിൽ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അർബുദ രോഗികളായ ഇരുവരെയും ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെയാണ് രാജ്യത്തെത്തിച്ചത്. ഇരുവർക്കും മികച്ച ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഗസ്സയിൽനിന്നെത്തിച്ച 58കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഡിസംബർ ആറിന് അർബുദബാധിതനായ ആറു വയസ്സുകാരനും അബൂദബി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് യുദ്ധത്തിൽ പരിക്കേറ്റവരെയും കാൻസർ രോഗികളെയും ചികിത്സിക്കുന്നതിന് രാജ്യത്തെത്തിച്ചത്. ആറു വിമാനങ്ങളാണ് നിലവിൽ രാജ്യത്ത് പരിക്കേറ്റ കുട്ടികളും രോഗികളുമായി എത്തിയിട്ടുള്ളത്. 1000 പരിക്കേറ്റ കുട്ടികളെയും 1000 കാൻസർ രോഗികളെയും ഗസ്സയിൽ നിന്ന് എത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. റഫ ഗസ്സയിൽ ഫീൽഡ് ആശുപത്രി ആരംഭിച്ചും യു.എ.ഇ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു