ദുബൈ: ലോക സമാധാനത്തിനായി പിറവിയെടുത്ത യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷമാക്കി യു.എ.ഇയിലെ ക്രൈസ്തവ വിശ്വാസികൾ. പുല്‍ക്കൂടും ക്രിസ്മസ്ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുള്ള സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ദുബൈ നഗരത്തിന്റെ പലഭാഗങ്ങളിലായി വലിയ ക്രിസ്മസ് ട്രീകളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നത്.
ക്രിസ്മസിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബാനകളും നടന്നിരുന്നു.
രാവിലെ 6.30ന് ദുബൈയിൽ സി.എസ്.ഐ ഹോളി ട്രിനിച്ച് ചർച്ചിൽ നടന്ന കുർബാനക്ക് റവ. ഫാദർ രാജു ജേക്കബ് നേതൃത്വം നൽകി. അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്കു വികാരി യെല്‍ദൊ എം പോള്‍, സഹ വികാരി മാത്യു ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. നൂറുകണക്കിന് വിശ്വാസികളാണ് പ്രാർഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തത്. വലിയ ക്രിസ്മസ് സ്റ്റാറും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ദേവാലയങ്ങളിലും ഒരുക്കിയിരുന്നു. കേക്ക് മുറിച്ചും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ഗൃഹസന്ദർശനം നടത്തിയുമാണ് മലയാളികളിൽ ഭൂരിഭാഗവും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ദിനം ആഘോഷമാക്കിയത്.
റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ യല്‍ദോ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ തീജ്വാല ശുശ്രൂഷയില്‍നിന്ന്
സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചതിനാൽ മിക്ക കുടുംബങ്ങളും നാട്ടിൽ അവധി ആഘോഷിക്കാനായി പോയിരുന്നു. വിപുലമായ പരിപാടികളോടെയാണ് റാസൽഖൈമയിലെ വിശ്വാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചത്.
പ്രാര്‍ഥനകളും വിരുന്നുകളും ഒരുക്കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണകള്‍ പുതുക്കിയത്. വിവിധ സഭകളുടെ ഇടവകകളില്‍ നിന്നും സൗഹൃദ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കരോള്‍ സംഘങ്ങളുടെ ഭവന സന്ദര്‍ശനം നേരത്തെ നടന്നിരുന്നു.
റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ യല്‍ദോ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ തീജ്വാല ശുശ്രൂഷക്ക് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് നേതൃത്വം നല്കി. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവ ട്രസ്റ്റി ജറി ജോണ്‍, സെക്രട്ടറി സജി വര്‍ഗീസ് എന്നിവരും നേതൃത്വം നല്കി. സെന്റ് ലൂക്ക്സ്, സെന്റ് ആന്റണി പാദുവ കാത്തലിക്, സെന്റ് തോമസ് മാര്‍ത്തോമ തുടങ്ങി വിവിധ ദേവാലയങ്ങളിലും വിവിധ പ്രാര്‍ഥന ചടങ്ങുകളോടെ ക്രിസ്മസ് ആഘോഷിച്ചു. ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രൈസ്തവ പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടന്നിരുന്നു. ചിലയിടങ്ങളിൽ ഗസ്സയിലെ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ബഹിഷ്കരിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു