ടോക്കിയോ ഇലക്ട്രിക് പവറിന്റെ കാശിവാസാക്കി-കരിവ ആണവ നിലയ പ്രവർത്തന നിരോധനം പിൻവലിച്ച് ജപ്പാൻ ആണവ പവർ റെഗുലേറ്ററി അതോററ്റി. ആണവ നിലയത്തിൽ വൈദ്യുതി ഉല്പാദനം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണിത്. രണ്ടു വർഷം മുമ്പാണ് ആണവ നിലയത്തിലെ ഊർജ്ജോല്പാദനം നിറുത്തിവയ്ക്കാൻ ഉത്തരവിട്ടത്.
കാശിവാസാക്കി-കരിവയിലെ ടെപ്‌കോ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയമാണ്. ഇതിൻ്റെ പ്രവർത്തനച്ചെലവ് കുറച്ച് ഊർജ്ജോല്പാദനം പുന:സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ അന്തിമമായി ഉല്പാദനം പുനരാരംഭിക്കുന്നതിന് നിഗറ്റ പ്രിഫെക്ചർ, കാശിവാസാക്കി നഗരം, കരിവ ഗ്രാമം എന്നിവിടങ്ങളിലെ പ്രാദേശിക സർക്കാരുകളുടെ സമ്മതം ആവശ്യമാണ്. ഇതെന്ന് ലഭ്യമാകുമെന്നതിൽ പക്ഷേ ഇനിയും വ്യക്തതയായില്ല.
ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് 2012 മുതൽ ജപ്പാൻ അതിൻ്റെ എല്ലാ ആണവ നിലയങ്ങളുടെയും പ്രവർത്തനം മരവിപ്പിച്ചിരുന്നു. 8212 മെഗാവാട്ട് ശേഷിയുള്ള
കാശിവാസാക്കി-കരിവ ആണവ നിലയം ഗ്രിഡിലേക്ക് വൈദ്യുതി വിതരണം നിറുത്തിയിരുന്നു.
2021-ലാണ് ആണവ നിയന്ത്രണ അതോറിറ്റി (NRA) ടെപ്‌കോയുടെ കാശിവാസാക്കി-കരിവയിലെ ഏക ആറ്റോമിക് പവർ സ്റ്റേഷന്റെ പ്രവർത്തനത്തെ വിലക്കിയത്. ആണവ സാമഗ്രികൾ സൂക്ഷിക്കുന്നിലെ വീഴ്ച്ചകളും തെറ്റായ നടപടികളുൾപ്പെടെയുള്ള സുരക്ഷാ ലംഘനങ്ങളാണ് വിലക്കിന് കാരണമായത്.
സുരക്ഷാ മാനേജ്‌മെന്റ് സംവിധാനങ്ങൾ നവീകരിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നിലയത്തിൻ്റെ പ്രവർത്തനങ്ങൾക്കു മേലുള്ള വിലക്ക് നീക്കം ചെയ്യപ്പെട്ടത്. പുതിയ യുറേനിയം ഇന്ധനം കൊണ്ടുപോകുന്നതിലും റിയാക്ടറുകളിലേക്ക് ഇന്ധന ദണ്ഡുകൾ കയറ്റുന്നതിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യതയോടെ അതീവ സുരക്ഷയോടെ പാലിക്കുന്നതിലെ വീഴ്ചയിൽ കാര്യക്ഷമതയാർന്ന തിരുത്തലുകൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പുരോഗതി വിലയിരുത്തപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണിപ്പോൾ നിലയത്തിൻ്റെ പുന:പ്രവർത്തനത്തിന് പച്ചക്കൊടി.
ആണവ നിയന്ത്രണ അതോററ്റിയുടെ തീരുമാനത്തെത്തുടർന്ന് നിലയം സ്ഥിതി ചെയ്യുന്നിടത്തെ പ്രാദേശിക സമൂഹത്തിന്റെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ടെപ്‌കോ പറഞ്ഞു. അതേസമയം ഈ പ്രക്രിയയെ സഹായിക്കാൻ സർക്കാർ ഇടപ്പെടലുണ്ടാകുമെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി പറഞ്ഞു. സുരക്ഷയ്ക്ക് ആദ്യ ഊന്നൽ നൽകി നിഗറ്റ പ്രിഫെക്ചറിന്റെയും പ്രാദേശിക കമ്മ്യൂണിറ്റികളുടെയും ധാരണയും സഹകരണവും തേടുമെന്നു് സർക്കാർ ഉന്നത വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു.
ജൈവ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിന് പകരം ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഇറക്കുമതി ചെയ്താണ് ആണവോർജ്ജ നിലയങ്ങളെ കൂടുതൽ സജീവമാക്കുന്നതിലുള്ള നീക്കത്തിലാണ് ജപ്പാൻ. എന്നാൽ ഇന്ധനാവശ്യങ്ങൾക്കായുള്ള ഇറക്കുമതി കുറക്കുന്നതിൻ്റെ സാധ്യതകൾ തേടുകയാണ് ജപ്പാൻ.
ജപ്പാനിലെ എൽഎൻജി ഇറക്കുമതി ഈ വർഷം 64 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 58.5 ദശലക്ഷം മെട്രിക് ടണ്ണായി കുറയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ഇക്കണോമിക്സ് (IEEJ) കഴിഞ്ഞ ആഴ്ച പറഞ്ഞു. ഏതാനും ന്യൂക്ലിയർ റിയാക്ടറുകൾ പുനരാരംഭിക്കുന്നതിലും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുന്നതിലും ഏറെ മുൻതൂക്കം നൽകുന്നതിലാണ് ജപ്പാൻ.
നിലയത്തിലെ പ്രത്യക്ഷ സുരക്ഷാ പരിശോധനയ്ക്കും കമ്പനിയുടെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പ്രവർത്തന നിരോധനം പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് എൻആർഎ ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ടെപ്‌കോയുടെ ഓഹരികൾ കുതിച്ചുയർന്നു.