50 വർഷം പൂര്‍ത്തിയാക്കി മസ്‌കത്ത് വിമാനത്താവളം

മസ്‌കത്ത് ∙ അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം. 1973 സെപ്തംബര്‍ 23നാണ് മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിമാനത്താവളത്തിലെത്തുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ സ്വകാര്യ വിമാനമാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത് ആദ്യ ഒമാനി രജിസ്‌ട്രേഡ് വിമാനം. ആദ്യഘട്ടത്തില്‍ സീബ് വിമാനത്താവളം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2008 ഫെബ്രുവരി ഒന്നിനാണ് സീബ് വിമാനത്താവളത്തില്‍ നിന്നും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലേക്ക് വിമാനത്താവളം മാറുന്നത്. യാത്രാ ടെര്‍മിനല്‍, റണ്‍വേ, ചെറിയ കാര്‍ഗോ സംവിധാനം, അറ്റുകറ്റ പണികള്‍ക്കായുള്ള കേന്ദ്രം എന്നിവയായിരുന്നു ആദ്യ വിമാനത്താവളം.

2007 അവസാനത്തോടെ മസ്‌കത്ത് വിമാനത്താവളം നവീകരണത്തിന് തുടക്കമിട്ടു. പുതിയ ടെര്‍മിനല്‍, കണ്‍ട്രോള്‍ ടവര്‍, പുതിയ റണ്‍വേ എന്നിവയോടെ 2018ല്‍ നവീകരിച്ച വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു. സ്വകാര്യ വിമാനങ്ങള്‍ക്കായി വി ഐ പി ടെര്‍മിനല്‍, എയര്‍പോര്‍ട്ട് ഹോട്ടല്‍ തുടങ്ങിയവയും പുതിയ വിമാനത്താവളത്തില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സംതൃപ്തിയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നായി മസ്‌കത്ത് വിമാനത്താവളം ഉയര്‍ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു