തെൽ അവിവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ സേന മുൻ തലവൻ ഡാൻ ഹാലുട്സ്. ബിന്യമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി പദവിയിൽ നിന്ന് താഴെയിറക്കുന്നതിലൂടെ മാത്രമേ ഇസ്രായേലിന് വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ ഹൈഫയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി നടത്തിയ സംഭാഷണത്തിലാണ് ഡാൻ ഹാലുട്സിന്റെ പ്രസ്താവന. ഇസ്രായേലി ചാനൽ 14 സംപ്രേഷണം ചെയ്ത പരിപാടിയിൽ ഹാലുട്സിന്റെ വാക്കുകൾ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
അതേസമയം, ഗസ്സയിൽ മനുഷ്യത്വരഹിതമായ കൂട്ടക്കുരുതി ഇസ്രായേൽ സൈന്യം തുടരുകയാണ്. സെൻട്രൽ ഗസ്സയിലെയും തെക്കൻ ഗസ്സയിലെയും നഗരങ്ങളിൽ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ഖാൻ യൂനിസിൽ ഇന്നുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പേരെ നാസർ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി. സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ സൈന്യം തുടക്കത്തിൽ പറഞ്ഞിരുന്നു റഫായിലും ആക്രമണം തുടരുകയാണ്. നേരത്തെ, വടക്കൻ ഗസ്സക്കാരെ റഫായിലേക്കായിരുന്നു ഇസ്രായേൽ ഒഴിപ്പിച്ചത്. ഇവിടെയും ആക്രമണം തുടരുന്നതോടെ പോവാൻ ഇടമില്ലാത്ത സാഹചര്യമായി ഗസ്സക്കാർക്ക്. സെൻട്രൽ ഗസ്സയിൽ ബുറൈജ്, നുസൈറത്ത്, മഗാസി അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം.
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 8663 പേർ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 303 പേരാണ് കൊല്ലപ്പെട്ടത്. 3450 പേർക്ക് പരിക്കേറ്റു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു