ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട സംസ്ഥാനങ്ങളിലൊന്നായ കേരളം, ഇപ്പോൾ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 ആവിർഭാവത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതി നൂതന നിർണ്ണയ സംവിധാനങ്ങൾ പിന്തുടരുന്നതിനാൽ അതിവേഗം വൈറസിനെ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും നമുക്ക് സാധിച്ചു. അതിവേഗം പടരുന്ന കൊവിഡ് വകഭേദമായതിനാൽ ഒമിക്രോൺ ജെ.എൻ.1 , കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാം.
ആശങ്കയും ലക്ഷണങ്ങളും
സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, തലവേദന, തൊണ്ടവേദന തുടങ്ങിയവ തന്നെയാണ് പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 ലും കണ്ടുവരുന്നത് എന്നാൽ പല രാജ്യങ്ങളിലും ബാധിക്കപ്പെട്ടവരിൽ ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടൽ, കടുത്ത ചുമ പോലുള്ള കൂടുതൽ രോഗലക്ഷങ്ങളിലേക്ക് മാറുന്നതായാണ് കാണപ്പെടുന്നത്.
എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ പുതിയ ലക്ഷണങ്ങളായ വിശപ്പില്ലായ്മ തുടർച്ചയായ മനംപുരട്ടൽ എന്നിവകൂടാതെ അമിതമായ ക്ഷീണം തളർച്ച പേശികളിലെ വേദന എന്നിവ കണ്ടുവരുന്നുണ്ട്. മറ്റു കോവിഡ് രോഗികളിൽനിന്നും വിഭിന്നമായി ചിലരിൽ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും ദഹന വ്യവസ്ഥയെ ബാധിക്കുന്നതിനാൽ തുടർച്ചയായ ഛർദി, മനംപിരട്ടൽ എന്നിവയും പുതിയ വകഭേദത്തിൽ പ്രകടമാണ്. കേരളത്തിലെ കാലാവസ്ഥ പ്രകാരം ശ്വസനേന്ദ്രിയ അണുബാധ സ്വാഭാവികമായ സാഹചര്യത്തിൽ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകുന്നതും സ്വാഭാവികമാണ്. മറ്റു അണുബാധകൾപോലെയാണ് പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 എന്നതാണ് ശ്രദ്ധിക്കാതെ പോകുന്നതിൻ്റെ കാരണം ഇത് ഒരുപക്ഷെ വലിയ തോതിലുള്ള രോഗവ്യാപനത്തിനു കാരണമാകാം. അതിനാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ സൂക്ഷിക്കണം.
രോഗവ്യാപനം പേടിക്കേണ്ടതുണ്ടോ
കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകരാജ്യങ്ങളിൽ പടരുന്ന കോവിഡിൻ്റെ ഒരു അപ്ഡേറ്റഡ് വേർഷനാണ്. വളരെ പെട്ടെന്ന് തന്നെ ഇത് നമ്മുടെ കേരളത്തിൽ എത്തിയതും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ആളുകളിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്നതും വൈറസുകൾ സ്വയം ശക്തി പ്രാപിക്കുന്നതും രോഗികളിൽ പുതിയ ലക്ഷണങ്ങൾ കൊണ്ടുവരുന്നതിന് കാരണമാണ്. ജെ.എൻ. 1 മറ്റു കോവിഡ് വകഭേദങ്ങളെ ആപേക്ഷിച് വ്യാപനശേഷി കൂടുതലാണ് എന്നാൽ വേണ്ടത്ര മുൻകരുതൽ എടുക്കുന്നതിലൂടെ ഒരു പരിധിവരെയെങ്കിലും തടഞ്ഞു നിർത്താവുന്നതുമാണ്.
ആഘോഷങ്ങൾ ആശങ്കയോ
ക്രിസ്തുമസ് പുതുവത്സര അവധികൾ പ്രമാണിച് ലോകത്താകമാനം നിരവധിപേർ അന്താരാഷ്ട്ര യാത്രചെയ്യുന്ന സാഹചര്യമുണ്ട് ഇത് വലിയ രീതിയിലുള്ള വ്യാപനത്തിന് കാരണമാകും.എന്നാൽ മുൻപ് കോവിഡ് ബാധിച്ചവരിലും വാക്‌സിൻ എടുത്തവരിലും പ്രതിരോധശേഷി ഉണ്ടാകുമെന്നും ഇത് രോഗബാധയിൽ നിന്നും സംരക്ഷണം നൽകുമെന്നും. ലക്ഷണങ്ങൾ പ്രകടമെങ്കിൽ പൊതുഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും വ്യാപനം തടയാൻ സഹായകമാകുന്നതാണ്.
പ്രായമായവരിൽ രോഗം വില്ലനോ.
മുൻകാല കോവിഡ് ബാധകൾ പോലെ തന്നെ യുവാക്കളിൽ കാര്യമായി ബാധിക്കാതെയും പ്രായമായവരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചും കടന്നുപോവുന്ന രീതിതന്നെ തുടരുന്ന സാഹചര്യത്തിനുള്ള സാധ്യതകളാണ് കൂടുതലായും കാണുന്നത്. അതിനാൽ തന്നെ പ്രായമായവരും മറ്റുരോഗങ്ങൾ അലട്ടുന്നവരും രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ നാട്ടിൽ ജനസാന്ദ്രത കൂടിയിരിക്കുന്നതിനാലും പൊതുകൂടിവരവുകൾ കൂടുതലായതിനാലും കാലാവസ്ഥയുടെ മാറ്റങ്ങൾ കാരണവും വ്യാപനനിരക്ക് കൂടുന്നതിനു സാധ്യതയുണ്ട്, ആയതിനാൽ താഴെ പറയുന്നകാര്യങ്ങൾ ശ്രദ്ദിക്കണം.
• പ്രായമായവരും പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിയവയുമുള്ളവർ പുറത്ത് പോകുമ്പോഴെല്ലാം നിർബന്ധമായും മാസ്ക് ഉപയോഗിക്കാനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കാനും തിരികെ വീട്ടിലെത്തുമ്പോൾ കൈകൾ ഇടയ്ക്കിടെ കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.
• നിലവിൽ ജീവിതശൈലീരോഗങ്ങൾക്കു ചികിത്സ എടുക്കുന്നവർ അതിനു ഒരു മുടക്കവും വരുത്തരുത്, ഒപ്പം പ്രതിരോധശേഷി നിലനിർത്താൻ ആവശ്യമായ മുൻകരുതൽ എടുക്കുകയും വേണം.
• മഞ്ഞുകാലമായതിനാൽ ചുമയും തൊണ്ടവേദനയും സ്വാഭാവികമാണ് എന്നിരുന്നാലും ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സതേടാതെയിരിക്കരുത്, സ്വയം ചികിത്സ പൂർണമായും ഒഴിവാക്കുക.
• ഒമിക്രോൺ ജെ.എൻ.1 കോവിഡിന്റെ തീവ്രത കുറവായിരിക്കാമെങ്കിലും രോഗം ബാധിച്ച് ഭേദപ്പെട്ടാലും കൂടുതൽ പേരിലും എതെങ്കിലും തരത്തിലുള്ള കോവിഡാനന്തര രോഗങ്ങൾ (Post Covid Diseases) ഉണ്ടാവാൻ സാധ്യതയുണ്ട്, ഇത് മനസിലാക്കി തുടർന്നും വേണ്ട വൈദ്യസഹായം അത്യാവശ്യമാണ്.
• വാക്സിനേഷൻ ഷെഡ്യുൾ പൂർത്തിയാക്കാത്തവർ നമുക്കിടയിൽ ധാരാളമുണ്ട് അവർ കഴിയാവുന്നത്ര വേഗം വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കണം.
• വാക്സിനേഷൻ എടുത്തവരിലും പുതിയ വകഭേദം രോഗമുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് മനസ്സിലാക്കിയിരിക്കണം.
• ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾക്ക് ആൾകൂട്ടങ്ങൾ കഴിവതും ഒഴിവാക്കുകയും, രോഗസാധ്യത കൂടുതലുള്ള സന്ദർഭങ്ങളിലും സ്ഥലത്തും മാസ്ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം.
• ആശുപത്രികൾ, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ, അടഞ്ഞ ഏ സി മുറികൾ, എന്നിവിടങ്ങളിലും ഉത്സവങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ ആൾകൂട്ട സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കണം.
തയ്യാറാക്കിയത്: ഡോ. ഡിപിൻ കുമാർ പി യു (ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ്- ആസ്റ്റർ മിംസ്, കോഴിക്കോട്)