ന്യൂഡൽഹി: കായിക മേഖലയിലെ നേട്ടങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്രഡിറ്റ് നൽകിയ മുൻ കായികതാരം അഞ്ജു ബോബി ജോർജിന് ട്രോൾ. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ വേളയിൽ തനിക്ക് സ്ഥാനക്കയറ്റം തന്നില്ലെന്നും തെറ്റായ യുഗത്തിലായിരുന്നു ആ നേട്ടമെന്നും അഞ്ജു പറഞ്ഞിരുന്നു. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിലായിരുന്നു അഞ്ജുവിന്റെ പരാമർശങ്ങൾ.
2003 ലെ പാരിസ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് അഞ്ജു ലോങ്ജംപിൽ വെങ്കലം നേടിയത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്.
‘ഇപ്പോഴുമപ്പോഴും ഞാൻ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട്. 20 വർഷം മുമ്പ് ഞാൻ ഇന്ത്യയ്ക്കായി ആദ്യ ആഗോള മെഡൽ നേടിയപ്പോൾ എന്റെ ഡിപ്പാർട്മെന്റ് പോലും എനിക്ക് പ്രൊമോഷൻ നൽകാൻ തയ്യാറായില്ല. അത് അവരുടെ കാര്യമല്ല എന്നാണ് പറഞ്ഞത്. പിന്നീട് നീരജ് (ചോപ്ര) മെഡൽ നേടിയ വേളയിൽ ഞാൻ മാറ്റങ്ങൾ കണ്ടു. നമ്മളെങ്ങനെ ആഘോഷിക്കുന്നു എന്നതിൽ ഒരുപാട് മാറ്റങ്ങളുണ്ടായി.
എനിക്ക് അവരോട് അസൂയ തോന്നുന്നു. കാരണം ഞാൻ തെറ്റായ കാലത്തായിരുന്നു. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ പദ്ധതികളിടൂടെ എല്ലായിടത്തും സ്പോർട്സ് ഇപ്പോൾ സംസാരവിഷയമാണ്. എല്ലാവരും നമ്മുടെ വിജയങ്ങൾ ആഘോഷിക്കുന്നു. അന്താരാഷ്ട്ര മേഖലയിൽ ഇന്ത്യൻ കായിക താരങ്ങൾ മികച്ച പ്രകടനം നടത്തുന്നു. ഞങ്ങളുടെ കാലത്ത് ഒന്നോ രണ്ടോ മികച്ച അത്ലറ്റുകളേ ഉള്ളൂ.
ഇപ്പോൾ ഒരുപാട് അത്ലറ്റുകളുണ്ട്. കാരണം നമുക്കിന്ന് നേതൃത്വമുണ്ട്. സ്ത്രീ ശാക്തീകരണം ഇന്നൊരു വാക്കു മാത്രമല്ല. എല്ലാ ഇന്ത്യൻ പെൺകുട്ടികളും സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് അവർ തിരിച്ചറിയുന്നു. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാമെന്ന നമ്മൾ സന്നദ്ധത അറിയിച്ചു. അതിനായി നമ്മൾ തയ്യാറെടുക്കുന്നു.’ – മുന്‍ സര്‍ക്കാറുകള്‍ക്കെതിരെ ഒളിയമ്പെയ്തും മോദിയെ പ്രകീര്‍ത്തിച്ചും അഞ്ജു പറഞ്ഞു.