2024 ലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. അതിനായി പുതിയ പ്രമേയങ്ങളും തീരുമാനങ്ങളും എടുത്തവരും എല്ലാം ശരിയാകും എന്ന് വെറുതെ പ്രതീക്ഷിക്കുന്നവരും കാണും. എന്നാൽ, കൃത്യമായി പ്ലാൻ ചെയ്യാതെ, അധ്വാനിക്കാതെ ഒന്നും മാറാൻ പോകുന്നില്ല എന്നതാണ് വാസ്തവം. ജനുവരി ഒന്നിന് പെട്ടെന്ന് ഒട്ടും സ്റ്റാർട്ട് ചെയ്യാൻ പറ്റില്ല. ജനുവരി ഒന്നിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ള ഇന്നു തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണം. അല്ലെങ്കിൽ 90 ശതമാനം പേരെയും പോലെ ജനുവരിയിലെ ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ തീരുമാനങ്ങളും പ്രമേയങ്ങളും വെള്ളത്തിലെ വര പോലെയാകും.പുതുവർഷത്തിൽ പുതിയ ജീവിതം ആഗ്രഹിക്കുന്നവർ ഇനിപ്പറയുന്ന കാര്യങ്ങളിൽ ഊന്നൽ നൽകുക.
നിങ്ങൾക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യമുണ്ടെങ്കിലും അത് എഴുതിവെക്കുക എന്നതാണ് ഏറ്റവും പ്രഥമവും പ്രധാനവുമായ കാര്യം. നിങ്ങളുടെ ലക്ഷ്യം എന്താണോ അതിന് വ്യക്തത വരാനുംഅതിലേക്ക് തന്ത്രപരമായി നീങ്ങാനും ഈ എഴുതിവെക്കൽ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴിയെ ചെറിയ ഘട്ടങ്ങളായി തിരിച്ച് ഓരോന്നായി നേടിയെടുക്കാനോ പൂർത്തിയാക്കാനോ ശ്രമിക്കുക. വിജയത്തിലേക്ക് ഒറ്റയടിക്ക് എത്താൻ കഴിയില്ല.
ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കാനും പുതിയ വർഷത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സന്തോഷത്തിനും ജീവിത വിജയത്തിനും നിങ്ങളുടെ ബന്ധങ്ങൾ നിർണ്ണായകമാണ്.ബന്ധങ്ങളിൽ സുതാര്യത, പരിധി എന്നിവ സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
സമയം എങ്ങനെ മാനേജ് ചെയ്യുന്നു എന്നതിലും വ്യക്തത വരുത്തുക. ഓരോ ദിവസവും സമയം എങ്ങനെ വിനിയോഗിക്കും എന്നത് തീരുമാനിക്കുക. അർഹിക്കുന്ന സമയം മാത്രം ഓരോ കാര്യത്തിനും നൽകുക. ഉറക്കം, വിശ്രമം, സ്വസന്തോഷം എന്നിവയ്ക്ക് ഉറപ്പായും ദിവസവും സമയം നീക്കിവെക്കുക. അല്ലെങ്കിൽ ജീവിതം സമ്മർദ്ദം നിറഞ്ഞതും ദുർഘടവുമായി മാറും.
നിങ്ങൾ സമൂഹത്തിനു എന്ത് തിരികെ നൽകുന്നു, എന്ത് മൂല്യങ്ങളാണ് സമൂഹത്തിലേക്ക് പകരേണ്ടത് എന്ന ധാരണയുണ്ടായിരിക്കണം. മറ്റുള്ളവരെ സഹായിക്കുന്നത് വ്യക്തി ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്നു. അത് മുന്നോട്ടുള്ള ജീവിതത്തിന് അർത്ഥവും മാർഗ്ഗവും പ്രചോദനവുമാകുന്നു.
സ്വന്തം സന്തോഷത്തിനു വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് കണ്ടെത്തുക. അത് ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. പുതിയ ഹോബികൾ കണ്ടെത്തുകയോ യാത്ര ചെയ്യുകയോ അങ്ങനെ എന്തുമാവാം. സ്വന്തം സന്തോഷത്തിനായി സമയം നീക്കിവെക്കുകയും അതിനായി പണം ചെലവഴിക്കണമെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. യാത്രകൾ മനുഷ്യന് പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ലോകത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ സമ്മാനിക്കുകയും ചെയ്യും.
ആരോഗ്യമുള്ളവരായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി പരിഗണിക്കണം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, ശരിയായ വ്യായാമം ചെയ്യുക, ശരീരത്തിന് ആവശ്യത്തിന് ഉറക്കവും വിശ്രമവും നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ശരീരത്തിന് നിരസിക്കരുത്.
ബിസിനസ്, കരിയർ എന്നിവയിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും പുതിയ മേഖലകൾ തുറക്കാനും ആവശ്യമായ ആസൂത്രണങ്ങളും നടപടികളും കൈക്കൊള്ളുക. അതിനായി ആദ്യം ഗോൾ സെറ്റ് ചെയ്യുകയാണ് വേണ്ടത്. ലക്ഷ്യമുണ്ടെങ്കിലല്ലേ അത് നേടിയെടുക്കാൻ പറ്റൂ. മറ്റൊന്ന്, നിങ്ങൾക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. നിങ്ങൾക്ക് പറ്റില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾക്കു വേണ്ടി വെറുതെ സമയം കളയരുത്. പരിമിതികൾക്കകത്തു നിന്ന് അഭിരമിക്കുന്നതിനു പകരം ശക്തിയിൽ ശ്രദ്ധ നൽകുകയാണ് വേണ്ടത്.
സ്വന്തം കാര്യം മാത്രം നോക്കുന്നവർ, എല്ലാത്തിനെയും കുറ്റം പറയുന്നവർ എന്നീ വിഭാഗം ആളുകളിൽ നിന്ന് നമുക്കൊന്നും ലഭിക്കാനില്ല എന്ന് മനസ്സിലാക്കുക. അതിനാൽ അത്തരം വ്യക്തികളോട് അടുപ്പം സൂക്ഷിക്കാതിരിക്കുകയോ അവരുമായി വളരെ കുറച്ച് മാത്രം സമയം ചെലവഴിക്കുകയോ ചെയ്യുക. പുതിയ ആശയങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നവരുമായി കൂട്ടു കൂടുകയോ ബന്ധങ്ങൾ സ്ഥാപിക്കുകയോ ചെയ്യുക.
ക്രിയേറ്റ് എ സൂപ്പർ ഹാബിറ്റ്
നമ്മുടെ 20 ശതമാനം പ്രവർത്തനങ്ങളിൽ നിന്നാണ് 80 ശതമാനം റിസൾട്ടും വരുന്നത്. അത് വ്യായാമം മുതൽ എന്തുമാവാം. ജീവിതത്തിൽ മികച്ച വിജയവും നേട്ടങ്ങളും സാധ്യമാക്കാൻ ആവശ്യമായ ആറ് ഗോൾഡൻ ഹാബിറ്റ്സ് ഏതൊക്കെയാണ് എന്ന് നോക്കാം.
വ്യായാമം
വ്യായാമം എന്നാൽ എല്ലാ ദിവസവും മണിക്കൂറുകളോളം വ്യായാമം ചെയ്യുക എന്നല്ല, ആഴ്ചയിൽ നാലോ അഞ്ചോ ദിവസമെങ്കിലും ഒരു മണിക്കൂർ വീതം വ്യായാമം ചെയ്യുക. അത് ശരീരത്തിനു മാത്രമല്ല ആരോഗ്യം പ്രദാനം ചെയ്യുന്നത്, മനസ്സിനു കൂടിയാണ്. വിശപ്പ്, ഉറക്കം എന്നിവയെ ക്രമീകരിക്കുകയും ചെയ്യുന്നു.
ധ്യാനം
ധ്യാനം മനസ്സിന് ശക്തി നൽകുക മാത്രമല്ല, ശ്രദ്ധ, ജാഗ്രത, ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നു.
പഠനം
എപ്പോഴും എന്തെങ്കിലും പുതിയതായി പഠിക്കുന്നത് ഒരു വ്യക്തിക്ക് അനുദിനം വളർച്ചയുണ്ടാക്കുന്നു. പുതിയ സ്കില്ലുകളോ ഭാഷയോ ഗെയിംസോ എന്തും പഠിക്കാം. ദിവസവും വായിക്കുന്നത് പോലും ഫലപ്രദമാണ്.
നല്ലൊരു ഗ്രൂപ്പിന്റെ ഭാഗമാകുക
പോസിറ്റീവായതും പുതിയ കാര്യങ്ങൾ ചെയ്യുന്നതുമായ ഗ്രൂപ്പിന്റെ ഭാഗമാകുക. അത് നിങ്ങളിലും പോസിറ്റിവിറ്റി നിറക്കുകയും പുതിയ ഗ്രൂപ്പിലെ അംഗങ്ങളുമായുള്ള ബന്ധം വ്യക്തി വികാസത്തിന് ഉതകുകയും ചെയ്യുന്നു.
ആത്മവിശ്വാസം കൂട്ടുന്ന കാര്യങ്ങൾ കൂടുതലായി ചെയ്യുക
ആത്മവിശ്വാസം കൂട്ടുന്നതിന് ആദ്യം പേടിയുള്ള കാര്യങ്ങൾ ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾക്ക് നീന്തലോ പബ്ലിക് സ്പീക്കിങോ പേടിയാണ് എങ്കിൽ അവ പഠിക്കാനും നിരന്തരം ചെയ്യാനും ശ്രമിക്കുക. അത് നിങ്ങൾക്ക് ചെയ്യാൻ കഴിയുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം കൂടുന്നു. പിന്നീട് അത് നിങ്ങളുടെ ശീലമായി മാറുന്നു.
മറ്റുള്ളവർക്കുവേണ്ട എന്തെങ്കിലും ചെയ്യുക
മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് ഒരു ശീലമാക്കി മാറ്റുക. അത് വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും സമൂഹത്തിലും നിങ്ങൾക്ക് മതിപ്പുണ്ടാക്കിത്തരുകയും ജീവിതത്തിന് അർത്ഥവും പ്രചോദനവും നൽകുകയും ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു