തൃശൂർ : ചെന്ത്രാപ്പിന്നിയില്‍ 550 കിലോയോളം പഞ്ചസാര സിവില്‍ സപ്ലൈസ് വകുപ്പ് കുഴിച്ചുമൂടി. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ പഞ്ചസാരയാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കുഴിച്ചുമൂടിയത്.ശനിയാഴ്ച രാവിലെ 11 മണിയോടെ നമ്പ്രാട്ടിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് 11 ചാക്ക് പഞ്ചസാര കുഴിച്ചുമൂടിയത്.
ഒന്നരവര്‍ഷം മുമ്പ് മതിലകത്ത് വാഹനാപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നും പാൻമസാലയും 27 ചാക്ക് പച്ചരിയും 11 ചാക്ക് പഞ്ചസാരയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ അരിയും പഞ്ചസാരയും കോടതി ഉത്തരവ് പ്രകാരം സപ്ലൈക്കോ ഏറ്റെടുത്ത് എടമുട്ടത്തെ ഗോഡൗണിലേക്ക് മാറ്റിയിരുന്നു. ഇപ്രകാരം സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ കാലക്രമേണ ഉപയോഗശൂന്യമാകാൻ സാധ്യതയുള്ളതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചതുപ്രകാരം അരിയും പഞ്ചസാരയും പൊതുവിപണി വഴിയോ, പരസ്യലേലം വഴിയോ വിറ്റഴിക്കാൻ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ലേലത്തില്‍ ആരും പങ്കെടുക്കാതിരുന്നതിനാല്‍ അരി പൊതുവിപണി വഴി വിറ്റഴിച്ചിരുന്നു.
എന്നാല്‍ പഞ്ചസാര ഭക്ഷ്യയോഗ്യമല്ലെന്ന് സപ്ലൈകോ ക്വാളിറ്റി അഷ്വുറൻസ് വിഭാഗത്തിന്റെ പരിശോധനയില്‍ വ്യക്തമായതോടെ പൊതുവിപണി വഴി വിറ്റഴിക്കാൻ കഴിയാതെ വന്നതോടെയാണ് കലക്ടറുടെ ഉത്തരവ് പ്രകാരം കുഴിച്ചുമൂടിയതെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ വി. രാജേഷ് പറഞ്ഞു.
അതേസമയം സപ്ലൈക്കോയില്‍ അവശ്യസാധനങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ 11 ചാക്ക് പഞ്ചസാര കുഴിച്ചുമൂടിയത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് കോണ്‍ഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റും മുൻ വാര്‍ഡ് അംഗവുമായ ഉമറുല്‍ ഫാറൂഖ് കുറ്റപ്പെടുത്തി. ഒന്നരവര്‍ഷം മുമ്പ് പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കാലതാമസം വരുത്തിയതാണ് ഇത്തരമൊരു നടപടിയിലേക്ക് എത്തിച്ചതെന്നും ഉമറുല്‍ ഫാറൂഖ് പറഞ്ഞു. സംഭവമറിഞ്ഞ് കയ്പമംഗലം പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.