തിരുവനന്തപുരം: ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ പറയുമ്പോള്‍ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്ന് കെ. സുധാകരന്. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പിണറായി വിജയന് ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും ഞാന്‍ എത്രയോ കാലമായി പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു, സുധാകരൻ ആരോപിച്ചു.
സ്വന്തം കൊലക്കത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ പോയ പാരമ്പര്യത്തിന്റെ ഉടമസ്ഥനാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് നിങ്ങള്‍ ഓര്‍ക്കണം. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്റെ കൊലപാതകം ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കുള്ള കൊലപാതകമാണ്. ആ കേസ് സാക്ഷിപറയാന്‍ ആളില്ലാത്തതിനാല്‍ തള്ളിപ്പോയതാണ്, സുധാകരൻ പറഞ്ഞു.
ആറ് എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവരെല്ലാം നില്‍ക്കെ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് അടിയില്‍ വീണ ടിയര്‍ഗ്യാസ് പൊട്ടിയില്ല. എന്നാല്‍, അത് പൊട്ടിയിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബാക്കിയുണ്ടാവുമായിരുന്നോ? എന്നിട്ടുമത് ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഭ്രാന്തല്ലേ?
കരിങ്കൊടി കാണിക്കുന്നത് സ്വാതന്ത്യം കിട്ടിയ കാലംമുതല്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്യുന്ന കാര്യമാണ്. കരിങ്കൊടി കാണിക്കുന്നതില്‍ അദ്ദേഹത്തിന് എന്തിനാണ് ഇത്രയും ഭയപ്പാട്? എന്തിനാണ് ഇത്രയും ആശങ്ക? കേസെടുക്കുമെന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കണ്ട. ബോംബ് പൊട്ടിച്ചും ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട. സര് സിപിയുടെ കാലത്തോ ബ്രിട്ടീഷ് ഭരണക്കാലത്തോ ഉണ്ടാകാത്ത അത്രയും ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണ് ഈ സംഭവമെന്ന് പറയാതെ വയ്യ.
പോലീസ് ഏറ്റെടുത്ത് നടപ്പാക്കിയത് സിപിഎമ്മിന്റെ ക്വട്ടേഷനാണ്. എകെജി സെന്ററിന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസ് കേന്ദ്രീകരിച്ചുള്ള പി. ശശിയുടെയും നിര്‍ദേശമാണ്. ഡിജിപി നോക്കുക്കുത്തിയായ ഒരു പാവം പ്രതിമയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാരാണ് ഈ ആക്രമത്തിന് നേതൃത്വം കൊടുത്തത്. അവര്‍ ഗുണ്ടകളാണ്. അവരാണ് ഞങ്ങളുടെ കുട്ടികളെ അക്രമിച്ചത്. മുഖ്യമന്ത്രി കലാപാഹ്വാനം ചെയ്തിട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തില്ല. പകരം ജനാധിപത്യ രീതിയില്‍ പ്രതിക്ഷേധിച്ച എനിക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കേസെടുത്തു. എന്തിനാണ് എനിക്കെതിരെ കേസെടുത്തതെന്നറിയില്ല. എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്നറിയില്ല, സുധാകരൻ പറഞ്ഞു.
പോലീസിന്റെ നടപടിക്കെതിരെ 27-ന് വന്‍ പ്രതിഷേധം നടത്താൻ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിമോചന സമരസമിതി എന്നാണ് പേരിട്ടിരിക്കുന്നത്. തുടര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കും. 2024 പിണറായിക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കും. ഇതോടൊപ്പം പോലീസ് നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടാന്‍ പോവുകയാണ്. അതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും സുധാകരൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു