തിരുവനന്തപുരം: കാസർകോടിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന ദേശീയ ജലപാത പൂർത്തീകരിക്കുന്നതിനായി കേരള വാട്ടർവേയ്സ് ഇൻഫ്ലാസ്ട്രെക്ച്ചർ എന്ന പുതിയ കമ്പനിക്ക് സർക്കാർ രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവളം മുതൽ ബേക്കൽ വരെ നീളുന്ന 616 കി.മീ. ദൈർഘ്യമുള്ള പശ്ചിമതീര ജലപാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കി.മീ. പൂർണ്ണതോതിൽ ജലഗതാഗത യോഗ്യമാക്കി.
കോവളം മുതൽ കൊല്ലംവരെ നീളുന്ന 76.18 കി.മീറ്ററിൽ, 60.18 കി.മീ. ദൂരം ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തനവും, കോട്ടപ്പുറം മുതൽ ചാവക്കാട് വരെ നീളുന്ന 60 കി.മീ. ഭാഗത്തെ തടസ്സം നീക്കലും 2024 മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചാവക്കാട് – കല്ലായി (100 കി.മീ) ഭാഗത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ കൊച്ചി വാട്ടർമെട്രോ പദ്ധതിയുടെ ചെലവ് 1,136.83 കോടി രൂപയാണ്. 30 ബോട്ടുജട്ടികൾ ഉള്ള ഈ പദ്ധതിയിൽ മെട്രോ സ്റ്റേഷനുകളെയും ബസ് ടെർമിനലുകളെയും ബന്ധിപ്പിച്ചുകൊണ്ട് 78 ബോട്ടുകളാണ് സർവ്വീസ് നടത്തുക. നിലവിൽ 3 റൂട്ടുകളും 12 ബോട്ടുകളും 8 ജെട്ടികളും പ്രവർത്തനസജജമായി. 2023 ഏപ്രിൽ 25 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച വാട്ടർ മെട്രോയ്ക്ക് ജനങ്ങളിൽ നിന്നും അഭൂതപൂർവമായ വരവേൽപാണ് ലഭിച്ചത്. കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വടക്കേ മലബാറിലെ ബൃഹദ് പദ്ധതിയായ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ 2024 ൽ ഉത്ഘാടനം ചെയ്യാൻ കഴിയും. വിജ്ഞാനാധിഷ്ഠിത സമൂഹം രൂപപ്പെടുത്താനുള്ള ചുവടുവെയ്യ്പിന് കരുത്തേകി ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ടെക്നോപാർക് ഫേസ് നാലിൽ തുടക്കം കുറിച്ചു. ഈ പദ്ധതിക്കായി അനുവദിച്ചത് 200 കോടി രൂപയാണ്. ഡിജിറ്റൽ സർവ്വകലാശാലയോട് ചേർന്ന് ടെക്നോസിറ്റിയിലെ 14 ഏക്കറിൽ ഏകദേശം 1,515 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്ക് ദീർഘവീഷണത്തിൻ്റെ മറ്റൊരു മാതൃകയാണ്. രണ്ടു വർഷത്തിനുള്ളിൽ 2,50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള രണ്ട് കെട്ടിടങ്ങൾ പൂർത്തിയാവുകയും പാർക്ക് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാവുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു