ന്യൂഡൽഹി: കരുത്തിൻ്റെയും ആഡംബരത്തിൻ്റെയും പര്യായമായ വിമാനം ഇനി എയർ ഇന്ത്യക്ക് സ്വന്തം. എയർ ഇന്ത്യയുടെ ആദ്യ വൈഡ് ബോഡി എയർബസ് എ350-900 വിമാനം ഡൽഹിയിലെത്തി. ഫ്രാൻസിലെ എയർബസ് നിർമാണശാലയിൽ നിന്ന് പുറപ്പെട്ട വിടി-ജെആർഎ എന്ന രജിസ് ട്രേഷനിലുള്ള വിമാനം ശനിയാഴ്ചയാണ് ഡൽഹി വിമാനത്താവളത്തിൽ പറന്നിറങ്ങിയത്.
രാജ്യത്ത് ആദ്യമായി വൈഡ് ബോഡി എയർബസ് എ350-900 വിമാനം സ്വന്തമാക്കിയ എയർ ഇന്ത്യ സുപ്രധാന ചുവടുവെപ്പാണ് നടത്തുന്നത്. യൂറോപ്യൻ കമ്പനിയായ എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാനാണ് എയർ ഇന്ത്യയുടെ കരാർ. ഇതിൽ ആദ്യ വിമാനമാണ് എത്തിയത്. 2024 മാർച്ചോടെ അഞ്ച് എ350-900 വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തും. നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം ഏറ്റവും മികച്ച പ്രവർത്തനക്ഷമതയുമാണ് ഈ വിമാനങ്ങളുടെ പ്രത്യേകത.
എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമാണ് പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമുണ്ടായത്. ആകെ 470 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. 250 എയർബസിനും 220 ബോയിങ്ങിനുമാണ് ഓർഡർ നൽകിയിരിക്കുന്നത്. ഓർഡർ ചെയ്ത 250 വിമാനങ്ങളിൽ 20 എണ്ണം എ350-900 വൈഡ് ബോഡി വിമാനങ്ങളാണ്. 20 എ350-1000 വിമാനങ്ങളും 210 എ320 നിയോ നാരോബോഡി വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്. അടുത്ത മാർച്ചോടെ അഞ്ച് എ 350-900 വൈഡ് ബോഡി വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തും.
എയർബസ് A350-900 2024 ജനുവരിയിൽ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസ് രംഗത്താകും എയർ ഇന്ത്യ വിമാനം ഉപയോഗിക്കുക. അടുത്ത വർഷം അവസാനത്തോടെയാകും വിമാനം അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് ആരംഭിക്കുക. ഷെഡ്യൂൾ സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടും. വൈഡ് ബോടി വിമാനങ്ങൾ ദീർഘദൂര സർവീസുകൾക്കും അതിദീർഘദൂര സർവീസുകൾക്കുമാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകളും നടത്തുന്നതിനാണ് നാരോ ബോഡി വിമാനങ്ങൾ ഉപയോഗിക്കുക.
300 മുതൽ 350 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന എ350-900 വിമാനത്തിന് ഒറ്റയടിക്ക് 15,000 കിലോമീറ്റർ ദൂരം പറക്കാനാകും. 350 മുതൽ 410വരെ യാത്രക്കാർക്ക് സഞ്ചരിക്കാനാകുന്ന എ350-1000 വിമാനത്തിന് ഇടവേളയില്ലാതെ 16,0000 കിലോമീറ്റർ പറക്കാനാകും. 316 സീറ്റുകളുള്ള എയർബസ് A350-900ൽ മൂന്ന് ക്ലാസ് ക്യാബിൻ കോൺഫിഗറേഷനുണ്ട്. ഫുൾ ഫ്ലാറ്റ് കിടക്കകളുള്ള 28 ബിസിനസ് ക്ലാസ് സ്യൂട്ടുകൾ, 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, 264 ഇക്കണോമി ക്ലാസ് സീറ്റുകൾ എന്നിവ വിമാനത്തിലുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. വിമാനത്തിലെ എല്ലാ എല്ലാ സീറ്റുകളിലും ഇൻ-ഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റങ്ങളും എച്ച്ഡി സ്ക്രീനുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
പുതിയ വിമാനങ്ങൾ എയർ ഇന്ത്യയുടെ പുരോഗതിയുടെയും വ്യോമയാനരംഗത്ത് നിലവാരം ഉയർത്താനുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്ന് എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. പുതിയ വിമാനങ്ങൾ രാജ്യത്ത് എത്തിച്ചതോടെ ടാറ്റയുടെ ഉടമസ്ഥതയിൽ എയർ ഇന്ത്യ അടിമുടി മാറുന്നതിൻ്റെ സൂചനകളാണ് നൽകുന്നത്. അതിനിടെ വിപുലീകരണ പദ്ധതിയുടെ സൂചന നൽകിക്കൊണ്ട് എയർ ഇന്ത്യ ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും ക്രൂ അംഗങ്ങൾക്ക് യൂണിഫോമുകളും പുറത്തിറക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു