തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ മടിയില്ലാത്തവരാണ് കോൺഗ്രസ് നേതൃത്വത്തിലിരിക്കുന്നതെന്നും ബി.ജെ.പിക്ക് വേണ്ടിയാണ് നവകേരള സദസ്സ് കോൺഗ്രസ് ബഹിഷ്കരിച്ചതെന്നും നേമത്ത നവകേരള സദസ്സിൽ മുഖ്യമന്ത്രി ആരോപിച്ചു. ഒരുമാസത്തിലേറെ നീണ്ട നവകേരള സദസ്സിന് സമാപനം. നവംബർ 18ന് കാസർകോട് മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരംഭിച്ച യാത്ര ഇന്നലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ അവസാനിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന കോവളം, നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ നവകേരള സദസ്സുകളിലെല്ലാം കോൺഗ്രസിനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചുവിട്ടത്.
സംഘ്പരിവാറിനോടുള്ള കോൺഗ്രസിലെ പലനേതാക്കൾക്കുമുള്ള ആഭിമുഖ്യം അവരുടെ പ്രതികരണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പുറത്തുവന്നിട്ടുള്ളതാണ്. നാട് പല പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴും സംസ്ഥാനത്തിനുവേണ്ടി അര അക്ഷരം മിണ്ടാൻ ത്രാണിയില്ലാത്തവരായിരുന്നു കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 എം.പിമാരും. ഒരാളുടെ നാക്കുപോലും ബി.ജെ.പിക്കെതിരെ നാളിതുവരെ പൊന്തിയിട്ടില്ല. നവകേരള സദസ്സ് നാടിനും നാട്ടാർക്കും വേണ്ടിയുള്ളതായിരുന്നു.
എന്നാൽ ജനങ്ങൾക്കുവേണ്ടി ഒന്നിച്ചുനിൽക്കാൻ യു.ഡി.എഫ് തയാറായില്ല. നവകേരള സദസ്സ് അൽപമെങ്കിലും പ്രയാസം ഉണ്ടാക്കുക കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കാണ്. ബി.ജെ.പിക്കുണ്ടായ വിഷമവും പ്രയാസവും അവരേക്കാളും ഉണ്ടായത് പ്രതിപക്ഷനേതാവിനാണ്. അദ്ദേഹമാണ് ഈ പരിപാടി പ്രഖ്യാപിച്ച ഉടനെ ഇതിനെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. അത് ബി.ജെ.പിക്ക് വേണ്ടിയുള്ള പ്രഖ്യാപനമായിരുന്നു.
ബി.ജെ.പിയോടുള്ള കോൺഗ്രസിന്റെ പ്രത്യേക ആത്മബന്ധം നേമം മണ്ഡലത്തിലുള്ളവരോട് പ്രത്യേകം പറയേണ്ടതില്ല. കാരണം ഇവിടെ മാത്രമാണ് കേരളത്തിന് അപമാനമായി ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് സൗകര്യമൊരുക്കിക്കൊടുത്തത്. ഈ ഒത്തുകളി ആദ്യമല്ല. ഇത്തരം പല ഒത്തുകളിയും വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂരുമൊക്കെ കേരളം കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
READ ALSO…..നവജാതശിശു ബക്കറ്റിൽ മരിച്ച നിലയിൽ; നാൽപ്പത്തിരണ്ടുകാരിയായ അമ്മ പോലീസ് നിരീക്ഷണത്തിൽ
രാഷ്ട്രീയമായി മറ്റ് മുന്നണികളെ നേരിടാനുള്ള ശേഷി ഇന്ന് യു.ഡി.എഫിനില്ല. തങ്ങളുടെ രക്ഷക്കായി ബി.ജെ.പി വരണമെന്ന് അവർ ആഗ്രഹിക്കുന്നു. തങ്ങളുടെ കൂടെ പിന്തുണയോടുകൂടിയാണ് 41 സീറ്റുകളിൽ യു.ഡി.എഫ് ജയിച്ചുവന്നതെന്ന ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവന കേരള ചരിത്രത്തിന്റെ ഭാഗമാണ്. നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാറിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്നുള്ള ഉറപ്പാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാല് നവകേരള സദസ്സുകൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു