തൃശൂര്‍: വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയില്‍ അനില്‍ – ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.എട്ട് പവൻ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷണം പോയി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇടവകയിലെ കരോള്‍ ഗായിക സംഘത്തോടൊപ്പം രാത്രി 12ന് വീട്ടില്‍ നിന്നും പോയതായിരുന്നു അനിലും കുടുംബവും.
തിരിച്ച് ഒന്നരയോടുകൂടി വീട്ടിലെത്തിയപ്പോഴാണ് വീട് തകര്‍ത്ത് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിനകത്ത് പല മുറികളിലായി വെച്ചിരുന്ന ആഭരണങ്ങളും പണവും ആണ് മോഷണം പോയത്. മോഷണ ശേഷം വീടിനകത്ത് മുളകുപൊടി വിതറിയാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പ്രമോദ് കൃഷ്ണൻ, എസ് ഐ ബിബിൻ ബി നായര്‍, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.