കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച രാത്രി ഏഴഴ്മണിയോടെ 141 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും സെക്കന്റില്‍ 1714 ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 300 ഘന അടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്.
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് ജലം എടുക്കുന്നതിന്റെ അളവ് 1500 ല്‍ നിന്നും 300 ഘന അടി മാത്രമാക്കി കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായതോടെ തമിഴ്നാട് കേരളത്തിന് രണ്ടാം ഘട്ട വെള്ളപ്പൊക്ക അപായ മുന്നറിയിപ്പ് നല്കി. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക് ജലം തുറന്നു വിടുമെന്ന് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് തമിഴ്നാട് പിൻവലിച്ചിരുന്നു.
ജലനിരപ്പ് 141 അടി ആയതോടെ ഇടുക്കിയിലേക്ക് ജലം തുറന്നു വിടാനുള്ള സാധ്യത ഏറിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്നാട്ടിലെത്തിച്ച് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമും നിറഞ്ഞ നിലയിലാണ്. 71 അടി ശേഷിയുള്ള വൈഗയില്‍ 69.60 അടി ജലമാണുള്ളത്.