ദുബൈ: പ്രമുഖ ടോൾ ഓപറേറ്ററായ സാലിക് ദുബൈയിലെ മാളുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ദുബൈ മാളിലെ പാർക്കിങ് നിയന്ത്രണം ഏറ്റെടുക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ദുബൈ മാളിന്റെ ഉടമസ്ഥരായ ഇമാർ മാൾസ് മാനേജ്മെന്റുമായി വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. അടുത്ത വർഷം മൂന്നാം പാദത്തോടെ ദുബൈ മാളിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.
പദ്ധതിയുടെ ബിസിനസ് നിയമങ്ങൾ ഇമാർ മാളുമായുള്ള അന്തിമ ചർച്ചകൾക്ക് ശേഷമായിരിക്കും പാർക്കിങ് നിരക്കുകൾ തീരുമാനിക്കുകയെന്ന് സാലിക് അധികൃതർ അറിയിച്ചു. മാളിലെ പെയ്ഡ് പാർക്കിങ് സുഗമമാക്കുന്നതിനായി സാലിക്കിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനാണ് ധാരണ. ഇതിന്റെ ഭാഗമായി ടിക്കറ്റ് രഹിത പാർക്കിങ്ങിനായി ഓട്ടോമാറ്റിക് കലക്ഷൻ ഗേറ്റുകൾ സാലിക് ദുബൈ മാളിൽ സ്ഥാപിക്കും.
റോഡുകളിൽ ഉപയോഗിക്കുന്നതുപോലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ഡിജിറ്റൽ സംവിധാനമായിരിക്കും (ആർ.എഫ്.ഐ.ഡി) മാളിലും ഉപയോഗിക്കുക. വാഹനങ്ങൾ പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ ഗേറ്റിൽ സ്ഥാപിച്ച കാമറകൾ പ്ലേറ്റ് നമ്പർ പകർത്തുകയും പ്രവേശന സമയം രേഖപ്പെടുത്തുകയും ചെയ്യും. വാഹനങ്ങൾ എക്സിറ്റ് വഴി പുറത്തുകടക്കുമ്പോൾ വീണ്ടും ക്യാമറ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പാർക്കിങ് സമയം എത്രയെന്ന് തിട്ടപ്പെടുത്തിയശേഷം യൂസർ അക്കൗണ്ടിൽനിന്ന് ഫീസ് ഈടാക്കുകയും ചെയ്യും. ഇതുവഴി വാഹനങ്ങൾക്ക് തടസ്സമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഇമാർ മാളുകളിലെ നിയമങ്ങൾ അടിസ്ഥാനമാക്കി വാഹനങ്ങളുടെ സാലിക് യൂസർ അക്കൗണ്ടിൽനിന്ന് ഫീസ് കുറയ്ക്കുന്ന രീതിയിലായിരിക്കും പെയ്ഡ് പാർക്കിങ് നടപ്പിലാക്കുക.
റോഡ് ടോൾ സംവിധാനങ്ങളിൽനിന്ന് മാറി ആദ്യമായാണ് സാലിക് മാളുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നത്. 2007ൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സ്ഥാപിച്ച ദുബൈ ഓട്ടോമാറ്റിക് റോഡ് ടോൾ കലക്ഷൻ സംവിധാനമാണ് സാലിക്. തടസ്സമില്ലാത്ത യാത്രയെന്നാണ് സാലിക് എന്ന അറബി പദത്തിനർഥം. ദുബൈയിൽ ഏതാണ്ട് 50,000 സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ ഉണ്ടെന്നാണ് കണക്ക്. റോഡ് ടോളുകളിൽനിന്ന് മാറി സ്വകാര്യ പാർക്കിങ് ഏരിയകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ചർച്ചകൾ സാലിക് നേരത്തേ ആരംഭിച്ചിരുന്നെങ്കിലും തുടക്കമെന്ന നിലയിലാണ് ഇമാർ മാളുകളിൽ പാർക്കിങ് നിയന്ത്രണം ഏറ്റെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു