ദുബൈ: പരിസ്ഥിതി ആഘാതം കുറക്കുന്നതിന് വ്യവസായ, സേവനസംരംഭങ്ങളെ പ്രേരിപ്പിക്കുന്നതിന് കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ 500 വ്യവസായ, സേവന സംരംഭങ്ങൾക്കാണ് കാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ, സാങ്കേതിക നിർദേശങ്ങൾ നൽകുന്നത്. രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിന് നിർദേശിക്കുന്ന കാമ്പയിൻ സർക്കാറിന്റെ സുസ്ഥിര ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്.
എമിറേറ്റിലെ സുസ്ഥിര പ്രവർത്തനങ്ങളോടുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണ ശ്രമങ്ങളെയും അടയാളപ്പെടുത്തുന്നതാണ് കാമ്പയിനെന്ന് പരിസ്ഥിതി സുസ്ഥിരത വകുപ്പ് ആക്ടിങ് ഡയറക്ടർ ആയിഷ അൽ മുഹൈരി പറഞ്ഞു. യു.എ.ഇയുടെ പരിസ്ഥിതി ചട്ടക്കൂടിന് അനുസൃതമായാണ് കാമ്പയിൻ രൂപപ്പെടുത്തിയത്. ജീവിത ഗുണനിലവാരം വർധിപ്പിക്കലും സുസ്ഥിര പരിസ്ഥിതി ഉറപ്പുവരുത്തലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതോടൊപ്പം ദേശീയ വായു ഗുണനിലവാര അജണ്ട-2031ന്റെ ലക്ഷ്യം കൈവരിക്കുന്നതിനും കാമ്പയിൻ വലിയ സംഭാവനയർപ്പിക്കും -അവർ കൂട്ടിച്ചേർത്തു.
കാമ്പയിനിന്റെ ഭാഗമായി ദുബൈയിൽ പ്രവർത്തിക്കുന്ന നിരവധി വ്യവസായ, സേവന സ്ഥാപനങ്ങൾക്ക് പരിസ്ഥിതി അവബോധ ലഘുലേഖകൾ വിതരണം ചെയ്തു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ കുറക്കുന്നതിനുള്ള നിർദേശങ്ങളും സാങ്കേതിക ഗൈഡൻസുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാമ്പയിനിന്റെ ഭാഗമായി ഈ വർഷം മാത്രം മുനിസിപ്പാലിറ്റി അധികൃതർ എമിറേറ്റിലെ അയ്യായിരത്തിലേറെ സ്ഥാപനങ്ങളിൽ 7,000 പരിശോധനകൾ നടത്തിയിട്ടുണ്ട്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനകൾ ലക്ഷ്യമിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു