ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനുമായി കൂടിക്കാഴ്ച നടത്തി. പുതിയ നേതൃത്വവും ദുബൈ കോൺസുലേറ്റ് ജനറലും തമ്മിൽ ശക്തവും സഹകരണപരവുമായ ബന്ധം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ഐക്യവും വർധിപ്പിക്കാൻ കോൺസുലേറ്റ് ജനറലുമായി ഫലപ്രദമായ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. പ്രവാസ സംബന്ധമായ എല്ലാ വിഷയങ്ങളിലും കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയും കൂടിക്കാഴ്ചയിൽ ഭാരവാഹികൾ പ്രകടിപ്പിച്ചു.
ഭാരവാഹികൾക്ക് ഊഷ്മളമായ സ്വീകരണമാണ് കോൺസൽ ജനറൽ ഒരുക്കിയിരുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. അസോസിയേഷൻ നടത്തുന്ന ‘സ്പെഷ്യൽ നീഡ്സ്’ സ്കൂളായ ‘അൽ ഇബ്തിസാമ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്’, അധ്യാപക ജീവനക്കാരുടെ പുതുക്കിയ യോഗ്യതാ ആവശ്യകതകൾ കാരണം സാങ്കേതിക വെല്ലുവിളികൾ നേരിടുന്നുണ്ട്. അതിന് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട അധികാരികളിൽനിന്ന് അംഗീകാരം നേടുന്നതിനും കഴിയാവുന്ന സഹായങ്ങൾ ചെയ്യുമെന്ന് കോൺസൽ ജനറൽ ഉറപ്പുനൽകി.
കൂടാതെ, പ്രവാസി ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ളതും ജോലി സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസ സാധ്യതകൾ കണ്ടെത്തുന്നതിന് വിദേശ സർവകലാശാലകളുടെ പിന്തുണ തേടണമെന്നും വിഷയത്തിൽ ഗൗരവതരമായ പഠനം നടത്തി മുന്നോട്ടു പോകണമെന്നും അദ്ദേഹം നിർദേശിച്ചു. അബൂദബിയിൽ ആരംഭിച്ച ഐ.ഐ.ടിക്കു പിറകെ ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ യു.എ.ഇയിലെത്തുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റിന് ഒട്ടേറെ വിദേശ സർവകലാശാലകളുടെ അന്വേഷണങ്ങൾ ലഭിക്കാറുണ്ട്. അവരെ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വിദേശ തൊഴിൽ തട്ടിപ്പ് നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ചെറുക്കാൻ കോൺസുലേറ്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇത്തരം കേസുകൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് കോൺസൽ ജനറൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു