ദുബൈ: യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി യു.എ.ഇയിൽനിന്നുള്ള മെഡിക്കൽ വളണ്ടിയർമാരുടെ നാലാമത്തെ ബാച്ചും ഗസ്സ മുനമ്പിലെ യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.
ഏഴ് പേരടങ്ങുന്ന സംഘം ഫീൽഡ് ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം ചേരും. ഈ ആഴ്ച തുടക്കത്തിൽ ഒമ്പത് പേരടങ്ങുന്ന വളണ്ടിയർ സംഘത്തെയും യു.എ.ഇ അയച്ചിരുന്നു.
ഇതോടെ ഗസ്സയിലേക്ക് പോയ മെഡിക്കൽ വളണ്ടിയർമാരുടെ എണ്ണം 35 ആയി. കഴിഞ്ഞ രണ്ടാഴ്ചയിൽ 443 രോഗികൾക്ക് ഫീൽഡ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയതായി യു.എ.ഇ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശ പ്രകാരം തുടക്കമിട്ട ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിനാണ് ഗസ്സ മുനമ്പിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നത്. ഓപറേഷൻ റൂം ഉൾപ്പെടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതാണ് ഗസ്സയിലെ ആശുപത്രി. ഗസ്സയിൽനിന്നുള്ള രോഗികളും കൂട്ടിരിപ്പുകാരുമായി ആറാമത്തെ സ്പെഷൽ വിമാനങ്ങളും കഴിഞ്ഞ ചൊവ്വാഴ്ച അബൂദബിയിൽ എത്തിയിരുന്നു.
അടിയന്തര വൈദ്യസഹായം ആവശ്യമായ 61 രോഗികളും 71 കുടുംബാംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ശൈഖ് ശാക്ബൂത്ത് മെഡിക്കൽ സിറ്റി ഉൾപ്പെടെ അബൂദബിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു