ദുബൈ: ഗാർഹിക തൊഴിലാളികളെ അനധികൃതമായി കൈമാറ്റം ചെയ്ത 153 തൊഴിലുടമകൾക്ക് വൻ പിഴ ചുമത്തി യു.എ.ഇ മാനവ വിഭവശേഷി, എമിററ്റെസേഷൻ മന്ത്രാലയം. കഴിഞ്ഞ രണ്ടു മാസത്തിനിടെ രാജ്യവ്യാപകമായി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. 50,000 ദിർഹം വരെ പിഴ ചുമത്തുകയും സ്ഥാപനങ്ങളുടെ രേഖകൾ തടഞ്ഞുവെക്കുകയുമായിരുന്നു.
വ്യക്തമായ നിയമലംഘനമാണ് നടത്തിയതെന്നും തൊഴിലുടമകൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപരവും സാമൂഹികവുമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുടമകൾ ഭരണതലത്തിലുള്ള പിഴകൾ നേരിടേണ്ടിവരും. കൂടാതെ പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾക്കായി അപേക്ഷ സമർപ്പിക്കാനും കഴിയില്ല. അതോടൊപ്പം 50,000 ദിർഹം വരെ പിഴയും നിയമപരമായ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിടുന്നതിനായി ഇത്തരം തൊഴിലുടമകളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.
നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനും മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളെ അവരുടെ തൊഴിൽ പെർമിറ്റുകൾ മാറ്റാതെ വാടകക്ക് എടുക്കുന്നതിനും എതിരെ മന്ത്രാലയം തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി.
2022ലെ ഫെഡറൽ നിയമപ്രകാരം വർക് പെർമിറ്റില്ലാതെ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യാൻ പാടില്ല. നിലവിലെ വ്യവസ്ഥകൾ പൂർത്തീകരിക്കാതെ മറ്റൊരു ജോലി ഏറ്റെടുക്കാനും പാടില്ല. ഇത്തരം തൊഴിലാളികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകളും ഇതേ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.
ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുമായി മാത്രമേ ഇടപാട് നടത്താവൂവെന്നും തൊഴിലുടമകളോട് മന്ത്രാലയം അഭ്യർഥിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമ പേജുകളിലും ലൈസൻസുള്ള തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇമാറാത്തികൾക്കും നിവാസികളും ഉൾപ്പെടെയുള്ള തൊഴിൽ ഉടമകൾക്ക് ഉറപ്പുള്ളതും മികച്ചതുമായ സേവനങ്ങളാണ് ഈ സ്ഥാപനങ്ങൾ നൽകിവരുന്നത്. മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 നമ്പറിൽ അറിയിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു