ദുബൈ: യു.എ.ഇയിലെ ഇസ്ലാമിക് ബാങ്കിങ് മേഖല ശക്തമായ വളർച്ചയുടെ പാതയിലെന്ന് സെന്ട്രൽ ബാങ്ക് റിപ്പോർട്ട്. ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ വിവിധ ഇസ്ലാമിക് ഫിനാൻസ് മേഖലകളുടെ പ്രകടനവും സുകുക്ക് അല്ലെങ്കിൽ ഇസ്ലാമിക് ബോണ്ടുകൾ ഉൾക്കൊള്ളുന്ന മൂലധന വിപണികളും വിശകലനം ചെയ്താണ് ഇസ്ലാമിക് ബാങ്കിങ് മേഖല ശക്തമായ വളർച്ച കൈവരിക്കുന്നതായി സെൻട്രൽ ബാങ്ക് വിലയിരുത്തിയത്.
‘യു.എ.ഇ ഇസ്ലാമിക് ഫിനാൻസ് റിപ്പോർട്ട് 2023’ എന്ന പേരിൽ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പരമോന്നത ബാങ്ക് പുറത്തുവിട്ടത്. രാജ്യത്തെ സുസ്ഥിര സാമ്പത്തിക വളർച്ച ലക്ഷ്യങ്ങൾ നേടുന്നതിൽ ബാങ്കിന്റെ പ്രവർത്തനം നിർണായകമായ പങ്കാണ് വഹിക്കുന്നതെന്നും റിപ്പോർട്ടിൽ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സുസ്ഥിരത വർഷവും അടുത്തിടെ സമാപിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28നോടും അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2022ൽ യു.എ.ഇയിലെ മൊത്തം ബാങ്കിങ് ആസ്തിയുടെ 23 ശതമാനവും ഇസ്ലാമിക് ബാങ്കിങ് മേഖലയിലാണ്. 845 ശതകോടി ദിർഹമിന് സമാനമാണിതെന്നും റിപ്പോർട്ട് പറയുന്നു. പരമ്പരാഗത ബാങ്കുകളിലുള്ള ഇസ്ലാമിക് വിൻഡോകൾ കൈവശം വെക്കുന്ന ആസ്തി 214 ശതകോടിയാണ്. ഇതടക്കം രാജ്യത്തെ ഇസ്ലാമിക് ബാങ്കുകളുടെ മൊത്തം ആസ്തി 631 ശതകോടി ദിർഹമാണ്. 2018 മുതൽ മേഖലയിൽ യഥാക്രമം എട്ട്, 49 ശതമാനമാണ് വളർച്ച. യു.എ.ഇയിലെ ഇസ്ലാമിക് ബാങ്കുകളുടെ 25 ശതമാനം ആസ്തികളും ഇസ്ലാമിക് വിൻഡോകളുടെതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്ലാമിക് ബാങ്കുകളുടെയും ഇസ്ലാമിക് വിൻഡോകളുടെയും ശക്തമായ ഫണ്ടിങ് ശേഷിയാണ് ഇസ്ലാമിക് ആസ്തികളുടെ വളർച്ചയെ പിന്തുണക്കുന്നതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു.
ബെഞ്ച്മാർക് നിരക്കുകൾ വർധിച്ചിട്ടും ചെറുകിട, കോർപറേറ്റ് ഉപഭോക്താക്കളുടെ സാമ്പത്തികമായ പ്രവർത്തനങ്ങളാണ് ബാങ്കിന്റെ വളർച്ചയെ സഹായിച്ചത്. യു.എ.ഇയുടെ ഇസ്ലാമിക് ബാങ്കിങ് വ്യവസായം 2019 ന് ശേഷം ഫണ്ടിങ് അടിത്തറയിൽ ഏറ്റവും ഉയർന്ന വളർച്ചയാണ് രേഖപ്പെടുത്തിവരുന്നത്. 2022ൽ സമാന്തരമായ നിക്ഷേപങ്ങളിൽ നാലു ശതമാനം വളർച്ച രേഖപ്പെടുത്തിയത്. 2022ൽ ഇസ്ലാമിക് ബാങ്കുകളുടെ വളർച്ച എട്ടു ശതമാനമാണ്. മറ്റ് ബാങ്കുകളെക്കാൾ ഇത് മൂന്നുശതമാനം ഉയർന്നതാണെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച്റേറ്റിങ് വിലയിരുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു