ദുബൈ: പുതുവർഷ രാവിൽ ദുബൈയിൽ ആഘോഷങ്ങൾ ഇത്തവണയും പൊടിപൊടിക്കും. വെടിക്കെട്ടുകളും ഡ്രോൺ ഷോകളും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ അരങ്ങേറുമെന്ന് അധികൃതർ വെളിപ്പെടുത്തി.
എല്ലാ വർഷവും ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തുന്ന ബുർജ് ഖലീഫ തന്നെയാണ് ഇത്തവണയും മികച്ച ആഘോഷക്കാഴ്ചകളുമായി വിരുന്നൊരുക്കുക. പാംജുമൈറ, ബുർജ് അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂ വാട്ടേഴ്സ്, ദ ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോകളും ഒരുക്കിയ മറ്റു സ്ഥലങ്ങൾ.
ഗ്ലോബൽ വില്ലേജിൽ ഏഴു തവണകളിലായി പുതുവത്സര ദിനാഘോഷം നടക്കും. ചൈനയിൽ പുതുവർഷം പിറക്കുന്ന സമയം കണക്കാക്കി രാത്രി എട്ടിനാണ് ആദ്യ ആഘോഷം ആരംഭിക്കുന്നത്. പിന്നീട് ഒമ്പത് മണിക്ക് തായ്ലൻഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, 12ന് യു.എ.ഇ, ഒരു മണിക്ക് തുർക്കിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ പുതുവത്സര പിറവികൾ ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കും. ഓരോ രാജ്യത്തെയും പുതുവത്സരപ്പിറവിയുടെ കൗണ്ട്ഡൗണും കരിമരുന്ന് പ്രയോഗവുമുണ്ടാകും.സംഗീതനിശ, ബീച്ച് പാർട്ടികൾ, മറ്റു ആഘോഷപരിപാടികൾ എന്നിവയും വിവിധയിടങ്ങളിൽ അരങ്ങേറുന്നുണ്ട്. ബീച്ച്, ജെ.ബി.ആർ, ബ്ലൂ വാട്ടേഴ്സ് എന്നിവിടങ്ങളിലാണ് 800ലേറെ ഡ്രോണുകൾ ഉൾപ്പെടുന്ന രണ്ട് ഡിസ്പ്ലേകൾ അരങ്ങേറുക. എട്ടു മണിക്ക് ആരംഭിക്കുന്ന ആദ്യ ഷോയിൽ ദുബൈയുടെ ഭൂതകാലവും 10 മണിക്ക് തുടങ്ങുന്ന രണ്ടാമത്തെ ഷോയിൽ നഗരത്തിന്റെ ഭാവി സ്വപ്നങ്ങളും അനാവരണം ചെയ്യും.
അത്ലാന്റിസ്, ദ പാമിൽ അരങ്ങേറുന്ന സംഗീതപരിപാടിയിൽ ഇംഗ്ലീഷ് സംഗീത ഇതിഹാസം സ്റ്റിങ് പ്രധാന ആകർഷണമാണ്. ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ഗായകന്റെ 30-പീസ് ലൈവ് ബാൻഡ് ഡെസേർട്ട് റോസ്, എവരി ബ്രീത്ത് യു ടേക്ക് തുടങ്ങിയ ഗാനങ്ങൾ അവതരിപ്പിക്കും.
അമേരിക്കൻ ഗായകൻ ഫന്റാസ്റ്റിക് നെഗ്രിറ്റോയും ദുബൈ ഓപറ ബിഗ് ബാൻഡിന്റെയും ഡി.ജെ സ്ലിമ്മിന്റെയും സംഘമാണ് ഡൗൺടൗൺ ദുബൈ വേദിയിൽ ജനക്കൂട്ടത്തെ രസിപ്പിക്കാനെത്തുന്നത്. ദക്ഷിണ ഫ്രാൻസിൽ നിന്നുള്ള സംഗീത ഇതിഹാസങ്ങളായ ജിപ്സി കിങ്സ്, ബുർജ് അൽ അറബിലെ മറൈൻ ഗാർഡനിലും പരിപാടി അവതരിപ്പിക്കാനെത്തുന്നുണ്ട്.
ജനുവരി ഒന്നിന് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി
ദുബൈ: യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ജനുവരി ഒന്ന് തിങ്കളാഴ്ച അവധി. സർക്കാർ ജീവനക്കാരുടെ അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലെ ഔദ്യേഗിക അക്കൗണ്ട് വഴിയാണ് അതോറിറ്റി അറിയിപ്പ് പുറത്തുവിട്ടത്. മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യ മേഖല സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. യു.എ.ഇ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ച പൊതു അവധി ദിനങ്ങളിൽ ഉൾപ്പെട്ടതാണ് പുതുവത്സരദിനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു